തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പാനലില്‍ ഇത്തവണ വനിതകള്‍ മാത്രം. ഭരണപക്ഷത്ത് നിന്ന് എംഎല്‍എമാരായ യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയുമാണ് പാനലിലെത്തിയത്. നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകളാകുന്നത്. സ്പീക്കറുടെ അഭാവത്തില്‍ സഭ നിയന്ത്രിക്കാനാണ് പാനല്‍.
വനിത പാനലെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് പുതിയ സ്പീക്കറായ എ എന്‍ ഷംസീറാണ്. പ്രതിപക്ഷത്ത് നിന്ന് ഉമാ തോമസ്, കെ കെ രമ, ഭരണപക്ഷത്ത് നിന്ന് യു പ്രതിഭ, കാനത്തില്‍ ജമീല, സി കെ ആശ എന്നിവരുടെ പേരുകളുമാണ് അതത് കക്ഷികൾ നാമനിർദേശം ചെയ്തിരുന്നത്. ഇവരില്‍ നിന്ന് സീനിയോറിറ്റി അനുസരിച്ചാണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കർ തിരഞ്ഞെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് സമ്മേളനം. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ബില്‍ സഭ അവതരിപ്പിക്കും.
ഗവര്‍ണര്‍-സര്‍ക്കാര്‍ വിഷയത്തില്‍ എന്ത് നിലപാട് എടുക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഇന്ന് പ്രത്യേക യോഗം ചേരും. മുസ്ലിം ലീഗ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിട്ടുള്ളത്. മുന്നണിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതിനാലാണ് പ്രത്യേക ചര്‍ച്ച.
കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലായി സഭ പാസാക്കിയ ഏഴു ബില്‍ ഗവര്‍ണര്‍ ഒപ്പിടാനുണ്ട്. ആദ്യ രണ്ടു ദിനങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകൾ തീരുമാനിക്കേണ്ടത് സ്പീക്കറാണ്. ഡിസംബർ 15 വരെയാണ് സമ്മേളനം.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരവധി കാര്യങ്ങള്‍ പ്രതിപക്ഷത്തിന് മുന്നിലുള്ളപ്പോഴാണ് സമ്മേളനമെന്ന പ്രത്യകതയുമുണ്ട്. വിഴിഞ്ഞം തുറമുഖ സമരം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നുള്ള പിന്നോട്ട് പോക്ക്, തിരുവനന്തപുരം നഗരസഭയിലെ താത്കാലിക നിയമനത്തിനായുള്ള മേയറുടെ കത്ത് എന്നിങ്ങനെ നിരവധി ആയുധങ്ങള്‍ പ്രതിപക്ഷത്തിനുണ്ട്.
എന്നാല്‍ ഇത്തവണ സര്‍ക്കാരിന് പ്രതിപക്ഷത്തിനെതിരെ ഉന്നയിക്കാന്‍ കാര്യമായ വിവാദങ്ങളില്ല. ശശി തരൂര്‍ പ്രശ്നവും എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്കെതിരായ പീഡന ആരോപണവുമാണുള്ളത്. ശശി തരൂര്‍ വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണ്. എല്‍ദോസിനെതിരായ പീഡനപരാതിയില്‍ ഹൈക്കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യമാണ് നിലവിലുള്ളത്.