തിരുവനന്തപുരം:  സർക്കാർ നടത്തുന്നത് ചോരക്കളിയെന്ന് ടി പി. ചന്ദ്രശേഖരന്റെ ഭാര്യയും ആർ എം പി നേതാവുമായ കെ. കെ. രമ അഭിപ്രയാപ്പെട്ടു. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ശിക്ഷായിളവ് പട്ടികയിൽ ഉൾപ്പെടുത്താനുളള ജയിൽവകുപ്പിന്റെ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രമ. ടി പിയെ കൊന്നത് സി പി എം തന്നെയാണെന്ന് സമ്മതിക്കുയാണ് സർക്കാരിന്റെ ഈ നടപയിലൂടെയെന്ന് രമ പറഞ്ഞു. നീചമായ കൊലയ്ക്കുളള സർക്കാരിന്റെ പ്രത്യുപകാരമാണിതെന്നും രമ കുറ്റപ്പെടുത്തി.
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുളള ജയിൽവകുപ്പ് നടപടിക്കെതിരെ ഗവർണറെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ അംഗീകരിക്കാത്ത തീരുമാനമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടി പി കേസിലെ പ്രതികളെ ശിക്ഷയൊഴിവാക്കാനുളള സർക്കാർ നീക്കത്തിനെതിരെ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും രംഗത്തെത്തി. സർക്കാർ നിയമസഭയിൽ പറഞ്ഞ കാര്യം പോലും മറികടന്നാണ് ഇപ്പോൾ ഇവർക്ക് ശിക്ഷായിളവ് കൊടുക്കാൻ ശ്രമിക്കുന്നത്. സർക്കാരിന്റെ ഈ സമീപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ തിരുവഞ്ചൂരായിരുന്നു ആഭ്യന്തരമന്ത്രി.

ടി.പി. വധക്കേസ് പ്രതികളടക്കം കൊടും കുറ്റവാളികളെ വിട്ടയയ്ക്കാനുളള സര്‍ക്കാര്‍ നീക്കം എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ് പി.ടി. തോമസ് എംഎൽഎ അഭിപ്രായപ്പെട്ടു. സർക്കാർ നീക്കം അനുവദിക്കാനാകില്ല. ടിപിയുടെ വിധവ കെ.കെ.രമയുടെ ജീവനുവരെ ഭീഷണിയുണ്ടാക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കമമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ