ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ ആത്മഹത്യയില്‍ കേസെടുത്ത പൊലീസ് നടപയില്‍ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വെള്ളപ്പള്ളി ആരോപിച്ചു.
ആത്മഹത്യയാണെന്ന് കണ്ടെത്തിയ കേസാണിത്. എന്നെയും മകനേയും എസ്എൻഡിപിയുടെ നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങള്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.
മൈക്രോ ഫിനാൻസ് പദ്ധതിയിൽ മഹേശൻ തട്ടിപ്പുകള്‍ നടത്തി. കേസിൽ കുടുങ്ങുമെന്നായപ്പോഴാണ് ജീവനൊടുക്കിയത്. മഹേശനെ വളര്‍ത്തിയത് ഞാനാണ്. അന്വേഷണ സമയത്ത് ഞങ്ങള്‍ നൂറോളം പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് മരണം ആത്മഹത്യയാണെന്ന് റെഫര്‍ ചെയ്തത്, വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി; കേസെടുത്ത് പൊലീസ്
കെ കെ മഹേശന്റെ ആത്മഹത്യയില്‍ കേസെടുത്ത് പൊലീസ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാനേജര്‍ കെ എല്‍ അശോകന്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശന് അടക്കം മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ കോടതിയുടെ നിര്‍ദേശിച്ചിരുന്നു. മഹേശന്റെ കുടുംബം നല്കിയ ഹര്‍ജിയില്‍ ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ നേടശന്, തുഷാര്‍, ആശോകന് എന്നിവരെ പരാമര്‍ശിച്ചിരുന്നു. നേരത്തേ അന്വേഷണത്തിന്റെ ഭാഗമായി മൂന്നുപേരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
2020 ജൂണ്‍ 24നാണ് എസ്എന്‍ഡിപി യൂണിയന് ഓഫിസില്‍ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐയ്ക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ശേഷമായിരുന്നു ആത്മഹത്യ.
മൈക്രോ ഫിനാന്‍സ് വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം. മൈക്രോ ഫിനാന്‍സ് കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ഹാജരായതിന്റെ അടുത്ത ദിവസമായിരുന്നു മഹേശന് ആത്മഹത്യ ചെയ്തത്. ഓഫീസിന്റെ ചുമരില്‍ ഒട്ടിച്ചുവെച്ച നിലയില്‍ മഹേശന്റെ ആത്മഹത്യാക്കുറിപ്പുകളും കണ്ടെടുത്തിരുന്നു.