ചേർത്തല: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ.എല്‍. അശോകനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വെള്ളാപ്പള്ളി നടേശനെയും ചോദ്യം ചെയ്യുന്നതെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു.
രണ്ടുപേരുടെയും മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയ ശേഷം മാത്രമേ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. വെള്ളാപ്പള്ളി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേയ്ക്ക് മാറ്റിയത്.
Read More: വെള്ളാപ്പള്ളി നടേശനെ ക്രെെം ബ്രാഞ്ച് ചോദ്യം ചെയ്‌തു
വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേര് പരാമര്‍ശിക്കുന്ന മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യുന്ന നടപടികളിലേയ്ക്ക് പൊലീസ് നീങ്ങിയത്. മഹേശന്റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
വൈകിട്ട് നാല് മണിയ്ക്കാണ് ചോദ്യം ചെയ്യൽ. വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകനെ കഴിഞ്ഞ ദിവസം രണ്ടര മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ അശോകൻ പറഞ്ഞു.
നിലവിൽ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസ് കേസെടുത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് മഹേശന്റെ കുടുംബത്തിന്റെ ആവശ്യം.
അടുത്തിടെ കൊല്ലം എസ്‌എൻ കോളേജ് സുവർണ ജൂബിലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. വെള്ളാപ്പള്ളി നടേശനെതിരെ രണ്ടാഴ്‌ചയ്‌ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണം ഇനിയും നീട്ടാനാവില്ലെന്ന് ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കുകയായിരുന്നു. ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദേശം നൽകിയിരുന്നു. സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ വെട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം പുർത്തിയാക്കാൻ പ്രത്യേക സംഘത്തിന് ഹൈക്കോടതി ഒരു മാസം കൂടി അനുവദിച്ചിട്ടുണ്ട്.
സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി നടേശൻ ജനറൽ കൺവീനറായി 1997-98 കാലയളവിൽ പിരിച്ച 1,02,61296 രൂപയിൽ വൻ തുക വെട്ടിച്ചെന്നാണ് കേസ്. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.