കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരത്തിന്റെ ലക്ഷ്യം സിപിഎമ്മിനെ തകർക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ ശ്രമം നടക്കില്ലെന്നും, കീഴാറ്റൂരിനെ മറ്റൊരു നന്ദിഗ്രാമാക്കാൻ അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
“കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാനാണ് ചിലരുടെ ശ്രമം. അത് ആര് വിചാരിച്ചാലും സിപിഎം അതിന് അനുവദിക്കില്ല. സിപിഎമ്മിനെ തകർക്കാനാണ് സമരത്തിലൂടെ ലക്ഷ്യമിടുന്നത്. കീഴാറ്റൂരിൽ പ്രശ്‌നങ്ങൾ ഉളളവരുമായി തുറന്ന ചർച്ചയ്ക്ക് സിപിഎം തയ്യാറാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കും,” കോടിയേരി പറഞ്ഞു.
ദേശീയപാത ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലെ വയൽ നികത്തി റോഡ് നിർമ്മിക്കാനുളള ശ്രമത്തെയാണ് വയൽക്കിളികൾ സമരത്തിലൂടെ എതിർത്തത്. സമരത്തിന് ബിജെപി, കോൺഗ്രസ്, എസ്‌ഡിപിഐ തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെയും കേരളത്തിലെ വലിയ പൊതുസമൂഹത്തിന്റെയും പിന്തുണ ലഭിച്ചിരുന്നു.
അതേസമയം സിപിഎമ്മിന് ഏറെ സ്വാധീനമുളള പ്രദേശത്ത് സമരക്കാരെ തുറന്നെതിർത്താണ് പദ്ധതിക്ക് പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്. ഇവിടെ നാല് കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ സമരരംഗത്തുളളതെന്നാണ് സിപിഎമ്മിന്റെ വാദം.