കൊച്ചി: കിറ്റെക്‌സ് കമ്പനിയിലെ അതിഥിത്തൊഴിലാളികള്‍ ക്രിസ്മസ് ദിനത്തില്‍ സംഘര്‍ഷം സൃഷ്ടിച്ച് പൊലീസിനെ ആക്രമിക്കുകയും വാഹനം കത്തിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോലഞ്ചേരി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രണ്ടു കേസുകളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
226 പ്രതികള്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രമാണു രണ്ട് എഫ്‌ഐആറുകളിലായി സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസ് വാഹനം നശിപ്പിച്ചെന്ന കേസില്‍ 175 പേരും കുന്നത്തുനാട് സിഐ വി ടി ഷാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 51 പേരുമാണു പ്രതികള്‍. ഇവരെല്ലാം അതിഥിത്തൊഴിലാളികളാണ്.
ഇക്കഴിഞ്ഞ ക്രിസ്മസ് രാത്രി പന്ത്രണ്ടോടെയായിരുന്നു കേസുകള്‍ക്ക് ആസ്പദമായ സംഭവത്തിന്റെ തുടക്കം. അതിഥിത്തൊഴിലാളികള്‍ താമസിച്ച കെട്ടിട വളപ്പില്‍ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ കലഹം കലാപത്തിലേക്കു മാറുകയായിരുന്നു.
Also Read: കെ റെയിലില്‍ തുറന്ന സംവാദത്തിന് തയാര്‍; ആരെയും കണ്ണീരിലാഴ്ത്തില്ല: കോടിയേരി
തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതോടെ അക്രമികള്‍ പൊലീസിനു നേരെ തിരിയുകയും ജീപ്പ് കത്തിക്കുകയുമായിരുന്നു. ആലുവ എസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സംഘം എത്തിയാണ് പ്രതികളെ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തത്.
രണ്ട് എഫ്‌ഐആറുകളിലായി 11 വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അസം, യുപി, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതികള്‍ റിമാന്‍ഡില്‍ തുടരുകയാണ്. ഇവരില്‍ ഗുരുതരമല്ലാത്ത വകുപ്പുകള്‍ ചുമത്തപ്പെട്ട 174 പേര്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞവരാണ്.
സ്വാഭാവിക ജാമ്യം ലഭിക്കാന്‍ ആള്‍ജാമ്യവും 7000 രൂപ ബോണ്ടും ഹാജരാക്കണം. ഉത്തരേന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് തൊഴിലാളികളില്‍ ഭൂരിഭാഗം പേരും. ഇവരെ സംബന്ധിച്ച ജാമ്യവ്യവസ്ഥ അസാധ്യമായ ഒന്നാണ്. ഇക്കാര്യത്തില്‍ കിറ്റക്‌സ് ഉടമയോ ലീഗല്‍ സര്‍വീസ് സൊസൈറ്റിയോ സഹായിക്കുന്നില്ലെന്ന് അറസ്റ്റിലായ ചില തൊഴിലാളികളുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് നേരത്തെ പറഞ്ഞിരുന്നു.