കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ ആക്രമണത്തിന് പിന്നില്‍ ലഹരി ഉപയോഗമെന്ന് കിറ്റക്സ് കമ്പനി എംഡി സാബു എം ജേക്കബ്. കിറ്റക്സില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ തമ്മിലാണ് ഇന്നലെ അര്‍ധരാത്രിയോടെ സംഘര്‍ഷമുണ്ടാകുകയും പിന്നീടത് കലാപസമാനമായ സഹചര്യങ്ങളിലേക്ക് എത്തുകയും ചെയ്തത്.
“വളരെ യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമാണ് ഇന്നലെ നടന്നത്. നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസിന്റെ ഭാഗമായി കരോള്‍ നടത്തി. അവരില്‍ ഉള്‍പ്പെട്ട ചിലയാളുകള്‍ അതിനെ എതിര്‍ത്തു. അവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തടയുന്നതിനായി സെക്യൂരിറ്റി ഇടപെട്ടെങ്കിലും അദ്ദേഹത്തേയും അവര്‍ ആക്രമിച്ചു,” സാബു ജേക്കബ് പറഞ്ഞു.
“നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലെത്തിയപ്പോഴാണ് പൊലീസിനെ വിളിച്ചത്. പൊലീസ് വന്നപ്പോള്‍ അവരേയും ഇവര്‍ ആക്രമിച്ചു. ഇവരില്‍ പലരും ലഹരി മരുന്ന് ഉപയോഗിക്കുന്നതായാണ് അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നത്. ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലേക്ക് ചിലര്‍ മാറി. അതാണ് പിന്നീട് വലിയ ആക്രമണത്തിലേക്ക് നയിച്ചത്,” സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.
“ഇവര്‍ക്കാര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണിവര്‍. 12 വര്‍ഷമായി അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കെടുക്കാന്‍ തുടങ്ങിയിട്ട്. ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. അവിടെ ആരോ ലഹരി എത്തിച്ച് നല്‍കിയിട്ടുണ്ട്. അവരുടെ പ്രവര്‍ത്തികള്‍ക്ക് പിന്നലെ കാരണം അതാണ്,” സാബു ജേക്കബ് വ്യക്തമാക്കി.
നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട് എന്ന കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന്റെ ആരോപണം സാബു ജേക്കബ് തള്ളി. ” ശ്രീനിജനും ഞാനുമായിട്ടുള്ള പ്രശ്നങ്ങല്‍ എല്ലാവര്‍ക്കും അറിയാം. അദ്ദേഹം എംഎല്‍എ ആയതുമുതല്‍ ഈ കമ്പനി പൂട്ടിക്കാന്‍ നടക്കുകയാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട വേദിയാണിതെന്ന് തോന്നുന്നില്ല,” സാബു ജേക്കബ് പറഞ്ഞു.
Also Read: കിഴക്കമ്പലത്ത് സംഘര്‍ഷം; അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്കും മര്‍ദനം; ജീപ്പ് കത്തിച്ചു