കിറ്റെക്സിന് തമിഴ്നാട് സർക്കാരിന്റെ ക്ഷണം, നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം

തമിഴ്നാട്ടിൽ വ്യവസായം ആരംഭിക്കുന്നതിന് വലിയ രീതിയിലുള്ള സഹായം സർക്കാർ വാഗ്ദാനം ചെയ്തെന്നു കിറ്റെക്സ്

kitex, kitex garments, sabu m jacob, twenty 20, twenty 20 kizhakkambalam, kitex new projects, ie malalayalam

കൊച്ചി: കേരളത്തിലെ 3500 കോടി രൂപയുടെ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചതിന് പിറകെ കിറ്റെക്സിനു തമിഴ്നാട് സർക്കാരിന്റെ ക്ഷണം ലഭിച്ചതായി റിപ്പോർട്ട്. കേരളത്തിൽ ഉപേക്ഷിച്ച പദ്ധതികൾ ആരംഭിക്കാൻ തമിഴ്നാട് വ്യവസായ വകുപ്പിൽ നിന്ന് കിറ്റെക്സിന് ക്ഷണം ലഭിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇത് സംബന്ധിച്ച് തമിഴ്നാട് സർക്കാരിൽ നിന്നുള്ള കത്ത് കിറ്റെക്സിന് വെള്ളിയാഴ്ച ലഭിച്ചതായാണ് വിവരം. സബ്‌സിഡി, പലിശിയിളവ്, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നൂറുശതമാനം ഇളവ് തുടങ്ങി എട്ടോളം ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിട്ടുളളതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ കിറ്റക്‌സ് അന്തിമതീരുമാനമെടുത്തിട്ടില്ലന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

കഴിഞ്ഞവര്‍ഷം ജനുവരില്‍ കൊച്ചിയില്‍ നടന്ന അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുന്നതായി കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങളിൽനിന്ന് വിട്ടു നിൽക്കണം: വ്യവസായ മന്ത്രി

20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി അറന്നൂറോളം പുതുസംരംഭകര്‍ക്ക് അവസരമൊരുക്കുന്നതും അയ്യായിരം പേര്‍ക്കു വീതം തൊഴില്‍ ലഭിക്കുന്നതുമായ മൂന്ന് വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കാനായിരുന്നു സര്‍ക്കാരുമായി കിറ്റെക്‌സ് ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. അപ്പാരല്‍ പാര്‍ക്കിനു സ്ഥലം എടുത്ത് വിശദമായ രൂപരേഖയും പദ്ധതി റിപ്പോര്‍ട്ടും മറ്റ് തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. 2025 ഓടെ പദ്ധതി പൂര്‍ത്തികരിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍, നിലവിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ധാരണാ പത്രത്തില്‍നിന്നു പിന്നോട്ടുപോകാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കവേ സാബു ജേക്കബ് പറഞ്ഞത്.

Read More: ‘തുടര്‍ച്ചയായി പരിശോധന’; 3,500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നതായി കിറ്റെക്‌സ്

ഒരു മാസത്തിനിടെ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സ് യൂണിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങിയതെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു. “പത്തും പതിനഞ്ചും വണ്ടിയില്‍ നാല്‍പ്പതും അമ്പതും പേര്‍ വരുന്ന ഉദ്യോഗസ്ഥസംഘമെത്തി ഫാക്ടറിയുടെ ഓരോ നിലയിലേക്കും ഇരച്ചുകയറുകയായിരുന്നു. ജോലി തടസപ്പെടുത്തി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് വിലാസവും ഫോണ്‍നമ്പറും എഴുതി എടുക്കുന്നു. ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്പനിക്കകത്ത് പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്തു,” എന്നാണ് പരിശോധനകളെക്കുറിച്ച് സാബു പറഞ്ഞത്.

എന്നാല്‍ എന്തിനാണ് പരിശോധിച്ചതെന്നോ, എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റമെന്നോ അവര്‍ പറഞ്ഞിട്ടില്ലെന്നും സാബു പറഞ്ഞിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സമയത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത പരിശോധനകള്‍ കേരളത്തില്‍ മാത്രമേ ഉണ്ടാകൂവെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kitex investment project reports on invitation from tamil nadu

Next Story
12,095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 146 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express