കൊച്ചി: മറൈൻ ഡ്രൈവിൽ ഒരുമിച്ചിരുന്നവരെ അടിച്ചോടിച്ച ശിവസേന അതിക്രമത്തിനെതിരെ ഇന്ന് എറണാകുളം മറൈൻ ഡ്രൈവിലും തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലും പ്രതിഷേധ സംഗമങ്ങൾ നടക്കും. മറൈൻ ഡ്രൈവിൽ ഡിവൈഎഫ്ഐ,​ എസ്എഫ്ഐ എന്നീ സംഘടനകൾ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയുള്ള സമരം ഏറ്റെടുത്തിട്ടുണ്ട്. നാല് മണിക്ക് ശേഷം പ്രതിഷേധ സംഗമം നടത്താൻ എഐഎസ്എഫും പ്രതിഷേധവുമായി വരുന്നുണ്ട്. ഇതല്ലാതെ മറ്റ് സംഘടനകളും പ്രതിഷേധിക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് സബ് ഇൻസ്‌പെക്ടർ വിജയശങ്കറിനെ സസ്പെന്റ് ചെയ്തു. എട്ട് പൊലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ട്. യുവാക്കളെ ശിവസേനക്കാർ അടിച്ചോടിക്കുന്നത് നിഷ്ക്രിയരായി പൊലീസ് നോക്കി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇത്.

പ്രതീകാത്മക പ്രതിഷേധമായി കിസ് ഓഫ് ലൗ നാളെ വീണ്ടും കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫെയ്സ്ബുക്ക് പേജ് വഴിയാണ് കിസ് ഓഫ് ലൗ സംഘാടകര്‍ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.

2014 നവംബർ രണ്ടിന് , കൊച്ചി മറൈൻ ഡ്രൈവിൽ സദാചാര പോലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെ ഒരു ഒത്തു ചേരൽ കേരളയുവത്വത്തിനോട് ആഹ്വാനം ചെയ്തു കൊണ്ട്, കിസ്സ് ഓഫ് ലവ് എന്ന ഈ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വ്യത്യസ്ത തരം സമര മുറ രൂപം കൊണ്ടത്.

അക്രമം നടക്കുമെന്ന് ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചെന്നും, വേണ്ടത്ര പൊലീസുകാരെ നിയോഗിച്ചില്ലെന്നും പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ 6 ശിവസേന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 18 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്.

Image may contain: text

ഒന്നിച്ചിരുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിച്ചാണ് അതിക്രമം നടത്തിയത്. മറൈന്‍ ഡ്രൈവിലെ വാക്-വേയിലാണ് ശിവസേനയുടെ അക്രമം അരങ്ങേറിയത്.

പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുക എന്ന ആവശ്യമുയർത്തി പ്രതിഷേധ കൂട്ടായ്മ ശിവസേന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രകടനമായി എത്തിയാണ് ശിവസേനക്കാർ യുവതീ-യുവാക്കളെ വിരട്ടിയും ചൂരൽ ഉപയോഗിച്ചും അടിച്ച് ഓടിച്ചത്. ‘ഓടി രക്ഷപ്പെട്ടോയെന്നും ഇനി ഇവിടെ കണ്ടു പോകരുത്’ എന്നു ആക്രോശിച്ചായിരുന്നു ശിവസേന പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്.

ധർമ്മാചാരങ്ങൾ നടപ്പിലാക്കാൻ വേണ്ടി രൂപപ്പെട്ട ജാഗ്രത സംഘമാണ് മോറൽ പോലീസ് എന്ന് വിളിച്ചുപോരുന്നത്. സർക്കാർ നടപ്പാക്കിയ ചില നിയമങ്ങളും പോലീസിന്റെ ചില നടപടികളും സദാചാര പോലീസിന്റെ പ്രവർത്തനങ്ങൾക് ഉദാഹരണമായി എടുക്കാവുന്നതാണ് . നിലവിലെ സംസ്കാരത്തിന് യോജിക്കാത്ത പ്രവർത്തികൾ ചെയ്യുന്നവരെയാണ് തങ്ങൾ ലക്ഷ്യം വക്കുന്നത് എന്നാണ് സദാചാര പോലീസിംഗ് നടത്തുന്നവർ അവകാശപ്പെടുന്നത്. എന്നാല് ആധുനിക യുവതയുടെ സ്വതന്ത്ര ചിന്താഗതിയെയും സ്വാതന്ത്ര്യത്തെയും വളരെയധികം ഇത് ചോദ്യം ചെയ്യുന്നുണ്ട് .

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ