തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയ്ക്ക് മറുപടിയുമായി മന്ത്രി എംഎം മണി. രാജവാഴ്ച്ച കഴിഞ്ഞത് മറന്നു പോയത് കൊണ്ടാണ് ശബരിമലയുടെ കാര്യത്തില്‍ പന്തളം കൊട്ടാരം അഭിപ്രായം പറയുന്നതെന്നായിരുന്നു എംഎം മണിയുടെ മറുപടി.

ഇത് രാജഭരണമല്ല, ജനാധിപത്യമാണ് രാജ്യം ഭരിക്കുന്നത്. ശബരിമല അടച്ചിടുമെന്ന് പറയുന്ന തിരുമേനി ശമ്പളക്കാരനാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങുകയാണ് പന്തളം രാജകൊട്ടാരം നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ തരിമ്പും വിട്ടുവീഴ്ചയില്ലെന്നാണ് പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞത്. ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികള്‍ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആരോ തെരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് ഇവരെത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് തെറ്റാണ്. സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്നും ശശികുമാര വര്‍മ്മ പറഞ്ഞിരുന്നു. നിലപാട് മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ മറക്കരുതെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.