തിരുവനന്തപുരം: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിൽ നടത്തിയത് മനുഷ്യക്കുരുതിയെന്ന് മുൻമുഖ്യമന്ത്രിയും ഭരണപരിഷ്‌കാര സമിതി അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദൻ. എറ്റുമുട്ടൽ കൊലപാതകമാണെന്ന സർക്കാർ വാദവുമായി യോജിക്കാത്ത കാര്യങ്ങളാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാവോയിസ്റ്റുകളുടെ സമീപനം പോലെ തന്നെ തെറ്റാണ് ജനങ്ങളെ വെടിവച്ചു കൊല്ലുന്ന സർക്കാരിന്റെ സമീപനവുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനകം സ്ത്രീകളും ആദിവാസികളുമടക്കം മുപ്പതോളം പേരെ വെടിവച്ച് കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശത്രുവിനെ ഉന്മൂലനം ചെയ്യുക എന്ന തെറ്റായ ലൈനനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ശൈലിയെ തീര്‍ത്തും തള്ളിപ്പറയുമ്പോള്‍ത്തന്നെ, അതേ നാണയത്തില്‍ ജനങ്ങളെ വെടിവച്ച് കൊല്ലുന്ന ഭരണകൂട രീതിയെയും അംഗീകരിക്കാനാവില്ല.

എല്ലാം ഏറ്റുമുട്ടലുകളാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടാക്കുന്ന സാഹചര്യങ്ങളിലാണ് മൃതദേഹങ്ങള്‍ കാണപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുഴയില്‍ ഒഴുകി നടക്കുന്നതായി കണ്ട, അര്‍ധനഗ്നരായ സ്ത്രീകളുടെ മൃതദേഹങ്ങള്‍ സര്‍ക്കാരിന്‍റെ ഏറ്റുമുട്ടല്‍ വാദവുമായി പൊരുത്തപ്പെടുന്നില്ല.

അവിടെ ആദിവാസികളും ദലിതരും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കുന്നതിനു പകരം, പ്രശ്നമുന്നയിക്കുന്നവരെയടക്കം തോക്കുകൊണ്ട് നേരിടുന്നത് ജനാധിപത്യ രീതിയല്ല. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തണമെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ, സര്‍ക്കാരിന്‍റെ തെറ്റായ നടപടികള്‍ക്കെതിരെ നടക്കുന്ന എല്ലാ ജനകീയ സമരങ്ങളിലും മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നതും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതും ഭരണകൂട ഭീകരതയാണ്.

അതാണ് ബിജെപി മഹാരാഷ്ട്രയില്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടത്തുന്നത്. ബിജെപിയുടെ ഫാസിസ്റ്റ് മുഖമാണ് മഹാരാഷ്ട്രയിലും വ്യക്തമാവുന്നത്-വിഎസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ