മലപ്പുറം: വിവാദമായ കിളിനക്കോട് സദാചാര ഗുണ്ടായിസം കേസിൽ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെയ്‌സ്ബുക്കിൽ പെൺകുട്ടികളെ അപമാനിച്ച് പോസ്റ്റിട്ടവരും കമന്റിട്ടവരുമായ കൂടുതൽ പേരിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികളെ അധിക്ഷേപിച്ച എല്ലാവരെയും തിരയുകയാണ് പൊലീസ്. വേങ്ങര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേരെ കണ്ടെത്തിയത്.
പെൺകുട്ടികൾ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയായി വീഡിയോ പോസ്റ്റ് ചെയ്തവരാണ് ഇന്ന് പൊലീസിന്റെ കസ്റ്റഡിയിലായത്. കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിനെത്തിയ പെൺകുട്ടികൾ ഇവിടെ നിന്നും സെൽഫിയെടുത്തതാണ് നാട്ടുകാരായ ആളുകളെ ചൊടിപ്പിച്ചത്. ഇവ വിവാഹ സ്ഥലത്ത് വച്ച് തന്നെ പെൺകുട്ടികളെ തടയുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
വിവാഹം നടന്ന സ്ഥലത്ത് നിന്നും ഇവർക്ക് തിരികെ പോകാൻ വാഹനം ലഭിച്ചിരുന്നില്ല. പിന്നീട് ഒരു കിലോമീറ്ററോളം ദൂരം ഇവർക്ക് നടക്കേണ്ടി വന്നു. ഈ സമയത്താണ് തങ്ങൾ നേരിട്ട അധിക്ഷേപങ്ങളെ കുറിച്ച് ഫെയ്‌സ്ബുകിൽ പോസ്റ്റ് ചെയ്ത സെൽഫി വീഡിയോയിൽ പെൺകുട്ടികൾ തങ്ങളുടെ അനുഭവം പങ്കുവച്ചത്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നാട്ടുകാരായ യുവാക്കൾ മറുപടിയുമായെത്തി. പെൺകുട്ടികളെ അധിക്ഷേപിച്ച് കൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി പേരാണ് പെൺകുട്ടികളെ അപമാനിക്കുന്ന വിധം കമന്റുകളിട്ടത്. ഇവരെയാണ് ഇപ്പോൾ പൊലീസ് തിരയുന്നത്.
സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പെൺകുട്ടികളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറയിപ്പിച്ച് മടക്കി. ഇക്കാര്യവും കിളിനക്കോട്ടെ യുവാക്കൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു. വലിയ പ്രതിഷേധമാണ് ഇതേ തുടർന്ന് ഉയർന്നുവന്നത്. പൊലീസിനെതിരെയും വിമർശനങ്ങൾ ഉയർന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടികളെ അധിക്ഷേപിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്.