തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കീ കീ ചലഞ്ച് കേരളത്തിൽ ചെയ്താൽ കുടുങ്ങും. കീകീ ചലഞ്ച് ചെയ്യുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നാണ് കേരള പൊലീസ് അറിയിച്ചിട്ടുളളത്. കീകീ ചലഞ്ച് ചെയ്ത് നിരവധി പേർ അപകടത്തിൽപ്പെട്ടതോടെയാണ് കേരളത്തിലും പൊലീസ് മുന്നറിയിപ്പ് നൽകിയത്. നേരത്തെ ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനങ്ങളിലും പൊലീസ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

വളരെ രസകരമായൊരു വീഡിയോയിലൂടെയാണ് കീകീ ചലഞ്ചിനെക്കുറിച്ചുളള മുന്നറിയിപ്പ് കേരള പൊലീസ് നൽകുന്നത്. കീകീ ചലഞ്ച് ചെയ്യുന്ന യുവാവിനെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. കേരള പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലാണ് വീഡിയോ തയ്യാറാക്കിയിട്ടുളളത്.

‘പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്’ കേരള പൊലീസ് പറയുന്നു.

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് പുറത്തിറങ്ങി നൃത്തം ചെയ്ത് തിരികെ വാഹനത്തില്‍ കയറുന്നതാണ് കീകീ ചലഞ്ച്. കനേഡിയന്‍ റാപ്പറായ ഡ്രൈക്സിന്റെ ഏറ്റവും പുതിയ ആല്‍ബമായ ‘സ്കോര്‍പിയന്റെ’ ചുവടുപിടിച്ചാണ് പുതിയ ചലഞ്ച് പ്രചരിച്ചത്. സാമ്പത്തികമായി വിജയം നേടിയ ആല്‍ബത്തിലെ ‘ഇന്‍ മൈ ഫീലിങ്’ എന്ന ഗാനം ഇന്റര്‍നെറ്റില്‍ ജനപ്രിയമായി മാറിയതോടെ ഇതിന് ഡാന്‍സ് ചെയ്ത് ചലഞ്ചും ആരംഭിച്ചു. #InMyFeelings എന്നും #KekeChallenge എന്നും പേരിലാണ് ചലഞ്ച് വീഡിയോകള്‍ വൈറലായി മാറിയത്. യുവതി യുവാക്കള്‍ പരസ്പരം വെല്ലുവിളികളുമായി ഡാന്‍സ് ചെയ്തു. ‘ദ ഷിഗ്ഗി ഷോ’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ആദ്യം ചലഞ്ച് പ്രചരിച്ചത്.

നൃത്തച്ചുവടുകള്‍ വൈറലായി മാറിയതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇതിന് പിന്നാലെയായി. എന്നാല്‍ ആവേശം മൂത്ത ചില കൗമാരക്കാരാണ് ഈ ചലഞ്ചിന് മറ്റൊരു തലം നല്‍കിയത്. ‘ഡ്രൈക്സിന്റെ പാട്ടിന് നൃത്തം ചെയ്ത് ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങണം. നൃത്തം അവസാനിപ്പിക്കാതെ കാറില്‍ തന്നെ തിരികെ കയറണം’. ‘ഷിഗ്ഗി’ എന്നായിരുന്നു ഇതിന് പേരിട്ടിരുന്നത്. എന്നാല്‍ ഷിഗ്ഗി ചെയ്യാനിറങ്ങിയ പലരും മൂക്കും കുത്തി റോഡില്‍ വീണു. മറ്റു ചിലരെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. ഈ വീഡിയോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇന്ത്യയിലും നിരവധി പേരാണ് ചലഞ്ച് ചെയ്ത് രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.