തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സംസ്ഥാന തലവൻ മനീഷ് രാജസ്ഥാനിലെ ബിജെപി നേതാവിന്റെ മകനാണെന്നും കിഫ്‌ബിക്കെതിരായ ഗൂഢാലോചന പുറത്തുവരുമെന്നും ധനമന്ത്രി തോമസ് ഐസക്. “കിഫ്‌ബിക്കെതിരായ ഇ.ഡി. കേസിൽ ഗൂഢാലോചന പുറത്തുവന്നു. ഇ.ഡി.യെ രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന ശുദ്ധ ചട്ടലംഘനമാണിത്,” തോമസ് ഐസക് പറഞ്ഞു.

കിഫ്‌ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ല. ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതേണ്ട. പേടിച്ച് പിന്‍മാറാന്‍ വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസുകാരല്ല ഇവിടെ ഭരിക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു.

Read Also: മത്സരിക്കാൻ താത്പര്യമില്ലെന്ന് രഞ്ജിത്; പ്രദീപ് കുമാർ തന്നെ കളത്തിലിറങ്ങിയേക്കും

“തിരഞ്ഞെടുപ്പ് മുൻനിർത്തി ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്രധനമന്ത്രി തന്നെ നേതൃത്വം നൽകുകയാണ്. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. കേന്ദ്ര സർക്കാരിനു മാത്രമേ വിദേശ വായ്‌പ എടുക്കാനാവൂ എന്ന സിഎജിയുടെ കണ്ടെത്തൽ വിഡ്ഢിത്തമാണ്,” ഐസക് പറഞ്ഞു.

മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്ത സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. കിഫ്‌ബി മസാല ബോണ്ടിൽ വിദേശനാണയ വിനിമയചട്ട ലംഘനമാരോപിച്ചാണ് ഇ.ഡി.കേസെടുത്തത്. കേന്ദ്ര സർക്കാർ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശസഹായധനം സ്വീകരിച്ചത് വിദേശനാണയ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.