തിരുവനന്തപുരം: കിഫ്‌ബിക്കെതിരായ കേസിൽ ഉദ്യോഗസ്ഥരോട് ഇ.ഡി.ക്ക് മുൻപിൽ ഹാജരാകേണ്ട എന്ന് സർക്കാർ. കേന്ദ്ര ഏജൻസിയുമായി പരസ്യപ്പോരിന് ഇറങ്ങുകയാണ് സർക്കാർ. കിഫ്ബിക്ക് എതിരായ ഇ.ഡി. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയ സാഹചര്യത്തിൽ ചോദ്യം ചെയ്യൽ നീട്ടിയേക്കും.
കിഫ്‌ബി സിഇഒ കെ.എം.എബ്രഹാമിനെയും മാനേജിങ് ഡയറക്ടർ വിക്രം ജിത് സിങ്ങിനെയും ചോദ്യം ചെയ്യാനാണ് ഇ.ഡി. തീരുമാനിച്ചിരിക്കുന്നത്. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രം ജിത് സിങ്ങിനോട് ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നൽകിയിരുന്നു. സിഇഒ കെ.എം.എബ്രഹാമിനോട് നാളെ ഹാജരാകണമെന്നാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ ഇ.ഡി.ഒഫീസിലാണ് ഇരുവരും ഹാജരാകേണ്ടത്. എന്നാൽ, വിക്രം ജിത് സിങ് ഇന്ന് ഹാജരാകില്ല.
അതേസമയം, സംസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന ഇടപെടലിനെതിരെ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇന്നലെ കത്തയച്ചിരുന്നു. കേന്ദ്ര മന്ത്രിമാരുടെ നിർദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. കിഫ്ബിക്കെതിരെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികളെ ചോദ്യം ചെയ്താണ് മുഖ്യമന്ത്രി കത്തയച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് തുടർച്ചയായി സർക്കാർ സ്ഥാപനമായ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണെന്നും വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയതെന്നും കത്തിൽ പറയുന്നു. “2019 മേയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇത് ഇപ്പോൾ സംഭവിച്ച കാര്യമല്ല. ഇതിന് യാതൊരു അടിയന്തര സ്വഭാവവും ഇല്ല,” കത്തിൽ പറയുന്നു.
Read Also: “രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നു;” അപ്രതീക്ഷിത പ്രഖ്യാപനവുമായി ശശികല
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് കിഫ്ബി ഉദ്യോഗസ്ഥരെ ഇ.ഡി. വിളിച്ചുവരുത്തുന്നതെന്നും കത്തിൽ പറയുന്നു. “കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 28ന് കൊച്ചിയിൽ ബിജെപി പ്രചാരണ യോഗത്തിൽ നടത്തിയ പ്രസംഗം അവരുടെ രാഷ്ട്രീയ ഇടപെടലിന്റെ സൂചനയാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും ആക്രമിച്ചുകൊണ്ടാണ് അവർ സംസാരിച്ചത്. അന്വേഷണ കാര്യത്തിൽ ഇ.ഡി. കാണിക്കുന്ന അനാവശ്യ ധൃതിയും മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി കൊടുക്കുന്നതും ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണ്,” മുഖ്യമന്ത്രി പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സംസ്ഥാന തലവൻ മനീഷ് രാജസ്ഥാനിലെ ബിജെപി നേതാവിന്റെ മകനാണെന്നും കിഫ്‌ബിക്കെതിരായ ഗൂഢാലോചന പുറത്തുവരുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. “കിഫ്‌ബിക്കെതിരായ ഇ.ഡി. കേസിൽ ഗൂഢാലോചന പുറത്തുവന്നു. ഇ.ഡി.യെ രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന ശുദ്ധ ചട്ടലംഘനമാണിത്,” തോമസ് ഐസക് പറഞ്ഞു.
കിഫ്‌ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ല. ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതേണ്ട. പേടിച്ച് പിന്‍മാറാന്‍ വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസുകാരല്ല ഇവിടെ ഭരിക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു.
“തിരഞ്ഞെടുപ്പ് മുൻനിർത്തി ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്രധനമന്ത്രി തന്നെ നേതൃത്വം നൽകുകയാണ്. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. കേന്ദ്ര സർക്കാരിനു മാത്രമേ വിദേശ വായ്‌പ എടുക്കാനാവൂവെന്ന സിഎജിയുടെ കണ്ടെത്തൽ വിഡ്ഢിത്തമാണ്,” ഐസക് പറഞ്ഞു.
മസാല ബോണ്ട് സംബന്ധിച്ച് കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്ത സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. കിഫ്‌ബി മസാല ബോണ്ടിൽ വിദേശനാണയ വിനിമയചട്ട ലംഘനമാരോപിച്ചാണ് ഇ.ഡി. കേസെടുത്തത്. കേന്ദ്ര സർക്കാർ അനുമതിയില്ലാതെ മസാല ബോണ്ടിലൂടെ വിദേശ ധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ.