തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി ഡോ. തോമസ് ഐസകില്‍ നിന്ന് വിശദീകരണം തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. എത്രയും വേഗം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. സഭയില്‍ വെക്കുംമുമ്പേ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശന്‍ എംഎല്‍എ ആണ് പരാതി നല്‍കിയത്.
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടതിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടീസ്. ഗവര്‍ണര്‍ക്ക് അയക്കേണ്ട സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നും മാധ്യമങ്ങളോട് ഉള്ളടക്കം പങ്കുവെച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഭയുടെ പ്രത്യേക അവകാശങ്ങള്‍ ഹനിച്ച് ഗുരുതരമായ ചട്ടലംഘനം നടത്തിയ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് വി.ഡി സതീശന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. അവകാശലംഘന പരാതികളില്‍ സ്വീകരിക്കേണ്ട സ്വാഭാവിക നടപടി ക്രമമാണ് സ്പീക്കറില്‍ നിന്നുണ്ടായിരിക്കുന്നത്.
Read More: സിഎജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയം, വികസനത്തെ എങ്ങിനെ ബാധിക്കുമെന്നാണ്: ധനമന്ത്രി
നേരത്തെ നിയമസഭ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മറ്റി യോഗത്തിൽ ഈ നോട്ടീസ് പരിഗണിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ധനമന്ത്രിയുടെ വിശദീകരണം പരിശോധിച്ച് തൃപ്തികരമാണെങ്കില്‍ വിവേചനാധികാരം വിനിയോഗിച്ച് സ്പീക്കര്‍ക്ക് മന്ത്രിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാം. അല്ലെങ്കില്‍ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാം. ആവശ്യമെങ്കില്‍ പ്രിവിലേജസ് കമ്മിറ്റി മന്ത്രിയുടെയും മറുഭാഗത്തിന്റെയും വിശദീകരണം തേടിയശേഷം നിര്‍ദ്ദേശം സ്പീക്കറെ അറിയിക്കും.
അതേസമയം, കിഫ്ബി ഓഡിറ്റ് റിപ്പോർട്ടിലെ വാദങ്ങൾ കേരളത്തിലെ വികസനത്തെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിന് മറുപടി പറയാൻ യുഡിഎഫ് തയ്യാറായിട്ടില്ലെന്നും പുകമറ സൃഷ്ടിക്കുകയാണെന്നും മന്ത്രി തോമസ് കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ കിഫ്ബിക്കെതിരെ നീക്കമുണ്ടെന്നും സംസ്ഥാന സർക്കാരിനേയും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളേയും അട്ടിമറിക്കുന്നതാണ് സിഎജി റിപ്പോർട്ട് എന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
“കിഫ്ബിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചകള്‍ കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല. അതൊന്നുമല്ല വിവാദത്തിലെ കേന്ദ്രപ്രശ്‌നം. അന്തിമമാകട്ടെ കരടാകട്ടെ, അതില്‍ സിഎജി എത്തിയിരിക്കുന്ന വാദമുഖങ്ങള്‍ എന്തൊക്കെയാണ്, അത് കേരളത്തിന്റെ വികസനത്ത എങ്ങനെ ബാധിക്കും എന്നതുകൂടിയാണ്. ആ റിപ്പോര്‍ട്ടില്‍ സി.എ.ജി എടുത്തിരിക്കുന്ന നിലപാട് ഇന്ന് കേരളത്തില്‍ അങ്ങോളം ഇങ്ങോളം നിര്‍മാണം ആരംഭിച്ചിട്ടുള്ള 2000 ത്തോളം സ്‌കൂള്‍, അവിടെ വിന്യസിക്കുന്ന ഐ.ടി ഉപകരണങ്ങള്‍, നമ്മുടെ താലൂക്ക് ആശുപത്രികളുടെ പുനര്‍നിര്‍മാണം, 1000 കണക്കിന് കിലോമീറ്റര്‍ നീളം വരുന്ന റോഡുകള്‍, കെ. ഫോണ്‍, വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന ട്രാന്‍സ്ഗ്രിഡ് ഇത്തരത്തില്‍ ഏവര്‍ക്കും വേണമെന്ന് ആഗ്രഹിക്കുന്ന കേരളം നടപ്പാവണമെന്ന് ആഗ്രഹിക്കുന്ന പദ്ധതികളെ അട്ടിമറിക്കാന്‍ ഉതകുന്നതാണ്.”