കൊച്ചി: കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ആര്‍ബിഐ. കിഫ്ബി മസാലബോണ്ടില്‍ നടപടിക്രമം പാലിച്ചില്ലെന്ന ഇഡിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ് ആര്‍ബിഐ സത്യവാങ് മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍.
സമാഹരിച്ച തുകയുടെ കണക്ക് കിഫ്ബി നല്‍കിയിട്ടുണ്ടെന്നും വിദേശനാണ്യ വിനിമയ ലംഘനമുണ്ടെങ്കില്‍ ഇഡിക്ക് അന്വേഷിക്കാമെന്നും റിസര്‍വ്ബാങ്ക് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബി കണക്കുകള്‍ കൃത്യമായി സമര്‍പ്പിച്ചെന്നും സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ ഓരോ മാസവും നല്‍കിയിട്ടുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ചില്‍ മസാല ബോണ്ട് വില്‍പ്പനയിലൂടെ കിഫ്ബി പണം സമാഹരിച്ചത്. എന്നാല്‍ മസാല ബോണ്ടിലൂടെ ധനസമാഹരണം നടത്തിയതില്‍ വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ആരോപിച്ച്് ഇ ഡി അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും എതിരെ അന്വേഷണത്തിന് മുതിരുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രിക്കും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നിരന്തരം നോട്ടിസയച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നും ഇ ഡി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിക്കുകയായിരന്നു.
കേസ് രാഷ്ട്രീയ പ്രരിതമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. മസാലബോണ്ടിലൂടെ ധനസമാഹരണം കിഫ്ബി മാത്രമല്ല നടത്തിയിട്ടുള്ളത്, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ദേശീയപാത അതോറിറ്റി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ മുതലായ സ്ഥാപനങ്ങളും ഇത്തരത്തില്‍ ധനസമാഹരണം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇ ഡി മൗനം പാലിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് വി ജി അരുണ്‍ കേസില്‍ ആര്‍ബിഐയെ സ്വമേധയാ കക്ഷി ചേര്‍ത്ത് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.