/indian-express-malayalam/media/media_files/ac6KxeoXuhkdWD2F5PIE.jpg)
Abigail Sara Reji missing
കൊല്ലം: കേരളം ഒറ്റക്കെട്ടായി നടത്തിയ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. 20 മണിക്കൂർ നീണ്ട ആശങ്കയ്ക്ക് വിരാമമിട്ട് കുഞ്ഞു അബിഗേൽ സാറ റെജിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മൈതാനിയിൽ ഉണ്ടായിരുന്ന എസ്എൻ കോളേജിലെ രണ്ട് പെൺകുട്ടികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പേര് വിവരങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷമാണ് കുട്ടിയുടെ വിവരം പൊലിസിൽ അറിയിച്ചത്. കുട്ടിക്കൊപ്പം ആദ്യം ഒരു സ്ത്രീയെ കണ്ടിരുന്നുവെന്ന് പെൺകുട്ടികൾ പൊലിസിൽ മൊഴി നൽകി.
മുഖത്ത് മാസ്കും തലയിൽ ഷാൾ പോലെയും ധരിച്ചൊരു സ്ത്രീയാണ് അബിഗേൽ സാറയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പോയതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. മഞ്ഞ ചുരിദാർ ധരിച്ച സ്ത്രീയാണ് നടന്നകന്നു പോയത്. ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ടപ്പോഴാണ് എസ്എൻ കോളേജിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികൾ സാറയോട് ആദ്യം പേര് തിരക്കിയത്. സംശയം തോന്നിയ കുട്ടികളാണ് പൊലിസിനെ വിളിച്ചുവരുത്തിയത്. അശ്വതി ഭവന് തൊട്ടടുത്താണ് കുട്ടി ഒറ്റയ്ക്ക് ഇരുന്നിരുന്നത്.
ഇതിനിടയിൽ വെള്ളവും ബിസ്ക്കറ്റും വെള്ളവും കുട്ടിക്ക് ഈ വിദ്യാർത്ഥികളാണ് വാങ്ങി നൽകിയത്. ആദ്യ കാഴ്ചയിൽ തന്നെ ക്ഷീണിതയായിരുന്നു അബിഗേൽ. പിതാവിന്റെ പേര് റെജിയാണെന്നും വിദ്യാർത്ഥികളോട് അവൾ പറഞ്ഞു. പാർക്കിലെത്തിയ പയ്യൻ നൽകിയ ഫോണിൽ അമ്മയുടെ നമ്പർ ടൈപ്പ് ചെയ്തുനൽകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇതിന് ശേഷമാണ് സാറ സുരക്ഷിതയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്.
ഇന്നലെ രാത്രി ഒരു വലിയ വീട്ടിലാണ് കഴിഞ്ഞതെന്നും അവിടെ ഉറങ്ങാൻ കഴിഞ്ഞെന്നും അബിഗേൽ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരും ഇവിടെയുണ്ടായിരുന്നു എന്നാണ് കുട്ടി പൊലിസിനോട് വെളിപ്പെടുത്തിയത്. 1.20നോട് അടുത്താണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിക്കുന്നുണ്ട്.
കുട്ടി
പിന്നാലെ ആശ്രാമം മൈതാനത്ത് നിന്ന് പൊലിസുകാർ സാറയെ കോരിയെടുത്ത് കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലേക്ക് പാഞ്ഞു. അൽപ്പം ക്ഷീണിതയായിരുന്നു കുട്ടിയെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണവും വെള്ളവും നൽകിയ ശേഷം കുട്ടി ഊർജ്ജസ്വലയായിട്ടുണ്ട്. അമ്മയെ കാണണം എന്നായിരുന്നു സാറയുടെ ആദ്യ പ്രതികരണം. കുട്ടിയെ എആർ ക്യാമ്പിലേക്ക് മാറ്റിയെന്നാണ് പുതിയ വിവരം. കുട്ടിയെ ആശുപത്രിയിൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷം മാതാപിതാക്കൾക്ക് കൈമാറും.
തിങ്കളാഴ്ച വൈകിട്ടോടെയാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം, സഹോദരനൊപ്പം ട്യൂഷന് പോകവെയായിരുന്നു ഒന്നാം ക്ലാസ് വിദ്യാർഥി അബിഗേൽ സാറയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. KL 01 3176 എന്ന നമ്പറിലുള്ള വെള്ള സ്വിഫ്റ്റ് ഡിസയർ കാറിലാണ് കിഡ്നാപ്പിങ് സംഘമെത്തിയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടിമാറ്റി ഈ കുട്ടിയേയും കൊണ്ടുപോയെന്നാണ് പരാതി.
വൈകീട്ട് 4.20ഓടെ ആയിരുന്നു കേരളക്കരയെ നടുക്കിയ സംഭവം. സഹോദരന്റെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്.തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ ജൊനാഥൻ (8) കുടുംബത്തെ അറിയിച്ചു. തന്റെ കയ്യിലുണ്ടായിരുന്ന വടി കൊണ്ട് അടിച്ചെന്നും എന്നാലും കാറിലെത്തിയവർ തന്നെ വലിച്ചിഴച്ചെന്നും, ഒടുവിൽ ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും ജൊനാഥൻ വിശദീകരിച്ചു.
കാർ നമ്പർ സഹോദരനാണ് പൊലിസിന് കൈമാറിയത്. ഈ കാർ കുറച്ച് ദിവസമായി ഈ പരിസരങ്ങളിൽ ഉണ്ടായിരുന്നുവെന്നും ഈ കുട്ടി മൊഴി നൽകി. കാറിൽ ഒരു സ്ത്രീയടക്കം നാല് പേരാണ് ഉണ്ടായിരുന്നതെന്നും സഹോദരൻ പൊലിസിന് മൊഴി നൽകി. ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ മാധ്യമങ്ങളോട് പറഞ്ഞു.
/indian-express-malayalam/media/media_files/0aIfGr6fkzW1Fv1E0Daw.jpg)
"കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല. നേരത്തെയും ഈ കാറ് വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടു പേർ സൂക്ഷിച്ച് നോക്കിയെന്നാണ് കുട്ടികൾ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞത്," അമ്മൂമ്മ പറഞ്ഞു.
ഒരാഴ്ച മുമ്പും സമീപത്ത് കാറ് കണ്ടതായി കുട്ടികൾ പറഞ്ഞിരുന്നതായി കുട്ടിയുടെ അമ്മയും സ്ഥിരീകരിച്ചു. "എന്നാൽ അന്ന് അതത്ര കാര്യമാക്കിയില്ല. പിന്നീട് ഒന്നും പറഞ്ഞിരുന്നില്ല. ആരുമായും ശത്രുതയില്ല. ആരെയും സംശയവുമില്ല. സംഭവം നടക്കുമ്പോൾ അമ്മച്ചി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടികൾ ട്യൂഷന് പോകുന്നത് അടുത്താണ്. വണ്ടികൾ ഒക്കെ പോകുന്ന വഴിയാണ്," സാറയുടെ അമ്മ പറഞ്ഞു.
കാർ കേന്ദ്രീകരിച്ചായിരുന്നു ആദ്യ മണിക്കൂറുകളിൽ അന്വേഷണം നടന്നത്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ സംസ്ഥാനം മുഴുവൻ ഇതേക്കുറിച്ച് ജാഗ്രത പുലർത്താൻ തുടങ്ങുകയായിരുന്നു. പിന്നാലെ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ഇടപെടുന്നു. അതിവേഗ അന്വേഷണം നടക്കുകയാണെന്നും എല്ലാവിധ ജാഗ്രതയും പുലർത്താൻ വേണ്ട നിർദ്ദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പണം ആവശ്യപ്പെട്ട് വന്ന ഫോൺകോളിലും ഒരു രേഖാചിത്രത്തിലും കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം. ഇന്നലെ രാത്രി തന്നെ പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലിസ് പരിശോധന നടത്തി. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പുറത്തുവിട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലിസ് ശ്രമിക്കുന്നുണ്ട്.
മോചനത്തിനായി സംഘം ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം അഞ്ച് ലക്ഷം ആവശ്യപ്പെട്ട സംഘം പിന്നീട് മോചനദ്രവ്യം ഉയർത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി പൊലിസിനൊപ്പം യുവജന സംഘടനകളും തിരച്ചില്‍ നടത്തുന്നുണ്ട്. കാറിന് പുറമെ ഒരു ഓട്ടോറിക്ഷയും കിഡ്നാപ്പിങ് സംഘം ഉപയോഗിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഓയൂരിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ചുവെന്ന് സംശയിക്കപ്പെടുന്ന സ്വിഫ്റ്റ് ഡിസയർ കാർ കല്ലുവാതുക്കൽ വരെ എത്തിയതായി വിവരം. കാർ കല്ലുവാതുക്കൽ സ്കൂൾ ജങ്ഷൻ വരെ എത്തിയതായാണ് പൊലിസിന് വിവരം ലഭിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരം ലഭിച്ചത്. പുതുവേലിയിലെ ചായക്കടയിലും ഇന്ന് പുലർച്ചെ പ്രതികൾ ചായ കുടിക്കാൻ എത്തിയിരുന്നു. രാമപുരം പൊലിസ് സിസിടിവി പരിശോധിക്കുകയാണ്. കാർ മാറ്റിയിട്ട ശേഷമാണ് കടയിൽ എത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൃത്യമായി അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രതികൾ ചുറ്റുപാടിൽ തന്നെ ഉണ്ടെന്നാണ് പ്രതീക്ഷ. കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ലെന്നാണ് കരുതുന്നത്. എന്തൊക്കെയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് അറിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Read More Related Kerala News Here
- 6 വയസ്സുകാരിയുടെ തട്ടിക്കൊണ്ടു പോകൽ ആസൂത്രിതം; സംഭവം ഇതുവരെ
- ക്രിക്കറ്റർ ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി
- 'യാതൊരു ബന്ധവുമില്ല'; വഞ്ചനാക്കേസിൽ ആദ്യ പ്രതികരണവുമായി ശ്രീശാന്ത്
- എസ് ശ്രീശാന്തിനെതിരായ വഞ്ചനാക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us