കണ്ണൂർ: കേരളത്തെ നടുക്കി വീണ്ടുമൊരു അരുംകൊല. കണ്ണൂർ തയ്യലിൽ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത് അമ്മ ശരണ്യയാണെന്ന് പൊലീസ് പറയുന്നു. ശരണ്യ കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. കണ്ണൂർ തയ്യലിലാണ് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ശരണ്യയും ഭർത്താവ് പ്രണവും തമ്മില്‍ ഏറെനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലകപ്പെട്ട ശരണ്യ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.

Read Also: രണ്ടു മാസത്തിനിടെ രണ്ടാം ഡബിൾ സെഞ്ചുറിയുമായി രാഹുൽ ദ്രാവിഡിന്റെ മകൻ

കുഞ്ഞിനെ തലയ്‌ക്കടിച്ചു കൊന്ന ശേഷം കടലിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അച്ഛൻ പ്രണവിനൊപ്പം കിടന്നുറങ്ങിയിരുന്ന കുഞ്ഞിനെയും എടുത്ത് പുലർച്ചെ രണ്ടുമണിക്ക് ശരണ്യ കടപ്പുറത്തേക്ക് പോകുകയായിരുന്നു. ഇവിടെവച്ച് കുഞ്ഞിനെ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. വീഴ്‌ചയുടെ ആഘാതത്തിൽ കുട്ടിയുടെ തലയ്‌ക്ക് ഗുരുതരമായ പരുക്കേറ്റു. കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ ശരണ്യ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കേസ് തെളിയാൻ കാരണമായത്.

Read Also: ആക്രമണം തികച്ചും രാഷ്ട്രീയ പ്രേരിതം; ‘കരുണ’ വിവാദത്തിൽ മുഖ്യമന്ത്രിക്ക് ആഷിഖ് അബുവിന്റെ കത്ത്

തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം ഇന്നലെയാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കിടക്കുന്നുണ്ടായിരുന്നത്. കുട്ടിയുടെ തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രാത്രി അച്ഛനൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടി എങ്ങനെയാണ് കടപ്പുറത്തെത്തിയതെന്ന് പൊലീസ് അന്വേഷിച്ചു.

കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ പ്രണവാണ് പൊലീസിൽ പരാതി നൽകിയത്. പ്രണവിനെതിരെ ശരണ്യയും ആരോപണമുന്നയിച്ചു. ഇതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചാേദ്യം ചെയ്‌തു. ചോദ്യം ചെയ്യലിൽ ഇരുവരും പറഞ്ഞ മൊഴികളിൽ പൊരുത്തക്കേട് തോന്നിയിരുന്നു. മൊഴിയിലെ പൊരുത്തക്കേടാണ് പിന്നീട് പ്രതിയെ കണ്ടെത്താൻ കാരണമായത്.

Read Also: Trending: അനുപമ പരമേശ്വരനും അഥര്‍വ്വയും ഒന്നിക്കുന്ന പ്രണയചിത്രം

ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവ് മൊഴി നൽകിയത്. എന്നാൽ, കുട്ടി അച്ഛനൊപ്പം ആയിരുന്നു കിടന്നതെന്ന് ശരണ്യയും മൊഴി നൽകി. ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.

മൊഴികളില്‍ വ്യക്തത വരുത്തുന്നതിന് കിടക്കവിരികളും, കുട്ടിയുടെ പാല്‍ക്കുപ്പിയുമടക്കം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും, പ്രണവും ധരിച്ചിരുന്ന വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെ ശരണ്യയുടെ കള്ളി പുറത്തായി. ശരണ്യ രാത്രി ധരിച്ച വസ്ത്രത്തിൽ കടൽ വെള്ളത്തിന്റെ അംശവും മണൽത്തരികളുടെ സാന്നിധ്യവും പൊലീസ് കണ്ടെത്തി. ശരണ്യയാണ് കൃത്യം നടത്തിയതെന്ന് പൊലീസിനു വ്യക്തമായി. പോസ്റ്റ്‌മോർട്ടത്തിൽ കൂട്ടിയുടെ വയറ്റില്‍ നിന്ന് കടല്‍വെള്ളം കണ്ടെത്തിയില്ല. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പാറക്കൂട്ടത്തില്‍ ഉപേക്ഷിച്ചതാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.