കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം ക്വാറന്റൈനിലിരിക്കെ പാമ്പുകടിയേൽക്കുകയും തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത കുഞ്ഞ് രോഗം മാറി ആശുപത്രി വിട്ടു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് കുഞ്ഞ് ആശുപത്രി വിട്ടത്. ജൂലായ് 21ന്‌ അർധരാത്രിയിലാണ്‌ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ‌ ആശുപത്രിയിൽ എത്തിച്ചത്‌. ശിശുരോഗവിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ്‌ കുഞ്ഞിനെ ചികിത്സിച്ചത്‌.

Read More: ക്വാറന്റെെനിലുള്ള കുട്ടിയെ പാമ്പ് കടിച്ചു; അലമുറയിട്ടിട്ടും ഓടിയെത്താതെ അയൽവാസികൾ

ബിഹാറില്‍ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂര്‍ വട്ടക്കയത്തെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ജനാല തുറക്കവേയാണ് ബാലികയുടെ കൈവിരലില്‍ അണലിയുടെ കടിയേറ്റത്. വീട്ടിലെ ജനൽ കർട്ടനു ഇടയിൽ നിന്നായിരുന്നു പാമ്പ് കടിയേറ്റത്. അണലിയാണ് കുട്ടിയെ കടിച്ചത്.

പാമ്പ് കടിയേറ്റ വിവരം മനസിലായ മാതാപിതാക്കൾ കുട്ടിയെ രക്ഷിക്കണമെന്നു പറഞ്ഞ് അലമുറയിട്ടു. എന്നാൽ, കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കുടുംബം ആയതിനാൽ അയൽവാസികൾ ഓടിയെത്തിയെങ്കിലും സഹായിക്കാൻ വിസമ്മതിച്ചു. കോവിഡ് ഭയം മൂലമാണ് പലരും സഹായിക്കാൻ തയ്യാറാകാതിരുന്നത്.

ഒടുവിൽ കുട്ടിയുടെ മാതാപിതാക്കളുടെ കരച്ചിൽകേട്ട് സിപിഎം നേതാവും പൊതുപ്രവര്‍ത്തകനുമായ ജിനിൽ മാത്യു എന്ന യുവാവ് ഓടിയെത്തുകയായിരുന്നു. ഓടിയെത്തിയ ജിനില്‍ കുട്ടിയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ജിനിലിന്റെ നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നെങ്കിലും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook