കോഴിക്കോട്: നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്ക് എതിരെ നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു രംഗത്ത്. കേസ് അന്വേഷണത്തിൽ നിന്ന് പിന്നോട്ട് പോകാനുളള നിർദേശമായി വേണം മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ കാണാനെന്നും സിപിഎമ്മിലെ ആർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടി വരുമെന്നും ഖുശ്ബു പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കോഴിക്കോട് കോൺഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഖുശ്ബു.

സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിലൂടെ കുറ്റവാളിയായ പൾസർ സുനിയുടെ പശ്ചാത്തലം അറിഞ്ഞിട്ടും അതേക്കുറിച്ച് അന്വേഷിക്കണ്ട എന്നല്ലേ ഉദ്ദേശിക്കുന്നതെന്നും ഖുശ്ബു ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തരുതെന്നാണ് ഇതിലൂടെ മുഖ്യമന്ത്രി പൊലീസിനോട് പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇടതു പക്ഷ ഭരണത്തിൽ കേരളത്തിൽ കുറ്റകൃത്യങ്ങളുടെ നാടായി മാറിയെന്നും ഖുശ്ബു കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ