കോഴിക്കോട്: മുസ്‌ലിം ലീഗും ഖമറുന്നീസ അൻവറും വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നു. വനിതാലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നും ഖമറുന്നീസ അൻവറിനെ നീക്കം ചെയ്ത ലീഗ് നടപടിക്കെതിരെ ഖമറുന്നീസ അൻവറിന്റെ മൂത്ത മകൻ എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ചർച്ചകൾക്കും വിവാദങ്ങൾക്കും വീണ്ടും വഴി തുറന്നത്.

ബിജെപിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തതിനെ തുടർന്ന് വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തുനിന്നും ഖമറുന്നീസ അൻവറിനെ ലീഗ് നീക്കം ചെയ്തിരുന്നു. ഇതിനെതിരായാണ് കോഴിക്കോട് ബിസിനസുകാരനായ മകൻ അസ്ഹർ എം.പളളിക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുസ്‌ലിം എന്ന പേര് മുസ്‌ലിമിന് നിഷിദ്ധമായതെല്ലാം ചെയ്യുന്ന നേതാക്കന്മാരുടെ ലിസ്റ്റ് തരാം അവരെ ആരെ എങ്കിലും ഇന്നുവരെ അനിസ്ലാമിക കാര്യങ്ങൾ ചെയ്തതിന്റെ പേരിൽ ലീഗ് പുറത്താക്കിയിട്ടുണ്ടോ?​ ചൊറിയുന്ന ലീഗ് കാരാ വാ, തെളിവ് സഹിതം നേതാക്കന്മാരെ പൊളിച്ചടുക്കി തരാമെന്നും മുൻ എംഎസ്എഫുകാരൻ കൂടിയായ അസ്‌ഹർ ചോദിക്കുന്നു.

“ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് എഴുതിയത് ആരെയെങ്കിലും കുറ്റപ്പെടുത്താനോ ചെളി വാരിയെറിയാനോ അല്ല. എല്ലാവരും കൂടെ ഉമ്മയെ കടിച്ചു കീറുന്നത് കണ്ടപ്പോൾ ഒരു മകന്റെ സ്വാഭാവിക പ്രതികരണം മാത്രമാണതെന്ന്” അസ്‌ഹർ ഐ​​ഇ മലയാളത്തോട് പറഞ്ഞു. “ആ പോസ്റ്റ് വിവാദമാകുമെന്നെന്നോ വൈറലാകുമെന്നോ കരുതിയില്ല. അതിനൊന്നും വേണ്ടി എഴുതിയതല്ല. ഇത് ഉമ്മയെ എല്ലാരും കൂടെ ആക്രമിക്കുന്നത് കണ്ടപ്പോൾ പ്രതികരിച്ച മകന്റെ വികാരം മാത്രമാണ്. ലീഗിലെ എല്ലാ നേതാക്കളെയും ആക്ഷേപിച്ചുവെന്നാണ് എന്നെ വിമർശിക്കുന്നവരുടെ ആരോപണം. എല്ലാ നേതാക്കളെയൊന്നും വിമർശിച്ചിട്ടില്ല. മുസ്‌ലിമിനു നിഷിദ്ധമായ കാര്യങ്ങൾ​ ചെയ്യുന്ന നേതാക്കളെ കുറിച്ച് മാത്രമേ വിമർശിച്ചിട്ടുളളൂ. അതും ആരുടെയും പേരും പറഞ്ഞിട്ടില്ല. വിവാദത്തിനൊന്നുമില്ലെന്നും ” അസ്‌ഹർ പറഞ്ഞു.

അസ്‌ഹർ എം.പളളിക്കലിന്റെ ഫെയ്‌‌സ് ബുക്ക് പോസ്റ്റിന്റെ പുർണ രൂപം
ഖമറുന്നീസ അൻവർ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു, ചെറിയ ഒരു സംഘ്യ കൊടുത്തു BJP യുടെ…. പാണക്കാട് തങ്ങന്മാർ ഇതേ പരിപാടി ആരു സാമ്പത്തിക പ്രശ്നം പറഞ്ഞു ചെന്നാലും ഒരു ചെറിയ സംഖ്യ കൊടുത്തു പരിഹരിക്കാൻ തുടക്കമിടുന്നു. ആരു ചെന്നാലും… എന്താ വ്യത്യാസം? ലീഗ്കാരാ നിനക്കു ചൊറിയേണ്ട ഒരു ആവശ്യവുമില്ല. മുസ്ലിം എന്ന പേരു വച്ചു മുസ്ലിമിനു നിഷിദ്ധമാക്കിയ മദ്ധ്യപാനവും വ്യഭിചാരവും സ്വർഗ്ഗ രതിയും ചെയ്യുന്ന നിന്റെ നേതാക്കന്മാരുടെ ലിസ്റ്റ് തന്നെ തരാം, ആരെ എങ്കിലും ഇന്നുവരെ അനിസ്ലാമിക കാര്യങ്ങൾ ചെയ്തതിനു ലീഗ് പുറത്താക്കിയിട്ടുണ്ടോ? പുറത്താക്കിയത് സേട്ട് സാഹിബിനെ മാത്രം, എന്തിനാന്നറിയല്ലോ? ചൊറിയുന്ന ലീഗ് കാരാ വാ, തെളിവ് സഹിതം നിന്റെ നേതാക്കന്മാരെ പൊളിച്ചെടുക്കിത്തരാം.

കഴിഞ്ഞ ദിവസം ഖമറുന്നീസയെ നീക്കം ചെയ്ത് അഡ്വ. കെ പി മറിയുമ്മയക്ക് താൽക്കാലിക ചുമതല നൽകിയതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. എ മജീദ് അറിയിച്ചിരുന്നു. ആദ്യം മാപ്പപേക്ഷ നൽകിയിരുന്നുവെങ്കിലും ബി ജെ പിയെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാൻ തയ്യാറായിട്ടില്ലെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതെന്നും കെ പി എ മജീദ് വ്യക്തമാക്കിയിരുന്നു.

ബി ജെ പി ക്ക് ഫണ്ട് കൊടുക്കുകയും അവരെ പ്രകീർത്തിച്ചുളള ഖമറുന്നീസയുടെ അഭിപ്രായ പ്രകടനവും വിവാദവും ചർച്ചയുമായി. ഇതിന്റെ തുടർച്ചയിൽനടപടി വരുകയും നടപടിയെ തുടർന്ന മകൻ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെയും അദ്ദേഹത്തിന്റെ വാളിലും ലീഗിനെ വിമർശിച്ച് ഒട്ടേറെ പോസറ്റുകൾ വരുന്നുണ്ട്. ബാബാ രാംദേവിനെ കാണാൻ ലീഗ് നേതാവ് പോയതിനെ കുറിച്ചും ബി ജെ പി നേതാക്കളുമായുളള ബി ജെ പി നേതാക്കളുടെ സൗഹൃദവുമെല്ലാം വിമർശിക്കപ്പെടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ