കൊച്ചി: വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് സംസ്ഥാന ഖാദി ബോര്‍ഡിന്റെ വക്കീല്‍ നോട്ടീസ്. നടന്‍ മോഹന്‍ലാലിനു പുറമെ എംസിആര്‍ ടെക്സ്റ്റയില്‍സിനും സംസ്താന ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചിട്ടുണ്ട്.

ചര്‍ക്കയുമായുമായോ നൂല്‍ നൂല്‍ക്കുന്നതുമായോ ബന്ധമില്ലാത്ത എംസിആര്‍ മുണ്ടിന്റെ പരസ്യവീഡിയോക്ക് വിശദീകരണം ആവശ്യപ്പെട്ടാണ് ഖാദി ബോര്‍ഡ് നോട്ടീസ് നല്‍കിയത്. പത്ത് ദിവസം മുമ്പു തന്നെ നോട്ടീസ് അയച്ചതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് അറിയിച്ചു.

ചര്‍ക്കയുപയോഗിച്ച് ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. കൂടാതെ ദേശീയതയുടെ അടയാളം കൂടിയാണ് ചര്‍ക്ക. ചര്‍ക്കയുമായി യാതൊരു ബന്ധവുമില്ലാത്ത ഉത്പന്നത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചാല്‍ അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

പരമ്പരാഗത ഖാദി മേഖലയെ തന്നെ പിന്നോട്ട് അടിക്കുന്നതാകും പരസ്യമെന്നും അവര്‍ പറഞ്ഞു. അതേസമയം, വക്കീല്‍ നോട്ടീസിന് മോഹന്‍ലാലും എം.സി.ആര്‍ ഗ്രൂപ്പും നല്‍കുന്ന മറുപടിക്ക് ശേഷമായിരിക്കും അനന്തര നടപടികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.