ത്ിരുവനന്തപുരം: കേരളത്തിലെ ഹൈസ്കൂള്‍-ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ ഏകീകരണത്തിനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ടു വരും.
ഹൈസ്കൂളും ഹയര്‍സെക്കന്‍ഡറിയുമുള്ള സ്കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിനു ഭരണച്ചുമതല, ഹെഡ്മാസ്റ്ററിന് വൈസ് പ്രിന്‍സിപ്പലിന്റെ ചുമതല, പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ഏകോപിപ്പിച്ചു പൊതുവിദ്യാഭ്യസ ഡയറക്ടറേറ്റ് (ജിഇഡി) രൂപീകരിക്കുക, മൂന്നു വിഭാഗത്തിനും ഒരു പരീക്ഷാ കമ്മിഷണറേറ്റ് എന്നിവയാണു മന്ത്രിസഭ പരിഗണിക്കുകയെന്നു നേരത്തെ തന്നെ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞിരുന്നു.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഡജിഇയുടെ കീഴില്‍ കൊണ്ടു വരും. സ്കൂള്‍ വിദ്യാഭ്യാസമേഖലയിലെ ഡപ്യൂട്ടി ഡയറക്ടര്‍, എഇഒ ഓഫിസ് എന്നിവ നിലനിര്‍ത്തും. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ഖാദര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
ഹയര്‍സെക്കന്‍ഡറിയുടെ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയുടെ റീജനല്‍ ഡയറക്ടറേറ്റിനും മാറ്റമുണ്ടാകില്ല. ഹൈസ്ക്കൂളും ഹയര്സെക്കണ്ടറിയും ഉള്ള സ്കൂളിലെ സ്ഥാപനമേധാവി പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്ററുമായിരിക്കും.
ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എല്‍പി.യുപി, ഹൈസ്ക്കൂള്, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. എഇഒ. ഡിഇഒ ഓഫീസുകള്‍ നിര്‍ത്തലാക്കില്ല.