തിരുവനന്തപുരം:ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധം അറിയിച്ച് സമരം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് സമരത്തിന് കാരണമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മെല്ലെപോക്ക് നയത്തില്‍ നാളെ പ്രതിഷേധദിനമായി ആചരിക്കാനും ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനുമാണ് സംഘടനയുടെ തീരുമാനം. ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയതായി സംഘടനാ നേതാക്കള്‍ പറഞ്ഞു.
വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നില്‍പ്പ് സമരം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. അന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ജനുവരിയില്‍ നല്‍കിയ ഉറപ്പ് എട്ടുമാസമായിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനം. പ്രതിഷേധ ദിനമായ നാളെ ഡിഎംഒ ഓഫീസുകള്‍ക്ക് മുന്‍പിലും ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.