ദുരഭിമാന കൊല തന്നെ: കെവിന്‍റെ ജാതിയും സാമ്പത്തിക സ്ഥിതിയും എതിര്‍പ്പുണ്ടാക്കിയെന്ന് നീനുവിന്‍റെ മൊഴി

പ്രണയവിവാഹത്തെ തുടര്‍ന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ മുങ്ങിമരിച്ചതാണെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം: കെവിന്റേത് ദുരഭിമാന കൊല തന്നെയെന്ന് വ്യക്തമാക്കി നീനുവിന്റെ മൊഴി. കെവിന്റെ ജാതിയും സാമ്പത്തിക സ്ഥിതിയുമാണ് കുടുംബത്തിന്റെ എതിര്‍പ്പിന് കാരണമായതെന്ന നീനുവിന്റെ മൊഴി പുറത്ത്. എതിര്‍പ്പിനെ അവഗണിച്ച് ബന്ധം തുടര്‍ന്നതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നീനുവിന്റെ മൊഴിയില്‍ പറയുന്നു.

അതേസമയം, പ്രണയവിവാഹത്തെ തുടര്‍ന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ മുങ്ങിമരിച്ചതാണെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി. രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയില്‍ മുങ്ങിമരിച്ചതാവാം എന്നാണ് നിഗമനം. കെവിന്‍ മുങ്ങിമരിച്ചത് ആകാമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. അന്തിമറിപ്പോര്‍ട്ടില്‍ ഇത് സ്ഥിരീകരിച്ചു. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭ്യമായിട്ടില്ല.

കെവിന്റെ ശരീരത്തിലെ പരുക്കുകള്‍ മരണകാരണമായിട്ടില്ല. തട്ടിക്കൊണ്ടുപോയ കെവിന്‍ കാറില്‍ നിന്നും ചാടിപ്പോയതാണെന്നാണ് എല്ലാ പ്രതികളും പൊലീസിന് നല്‍കിയ മൊഴി. മണിക്കൂറുകളോളം പൊലീസ് ഇവരെ ചോദ്യം ചെയ്‌തെങ്കിലും എല്ലാ പ്രതികളും ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് കഴിഞ്ഞദിവസം പൊലീസിന്റെ കസ്റ്റഡിയിലായത്.

ഇതില്‍ മൂന്നു പേര്‍ പാലക്കാട് പുതുനഗരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയപ്പോള്‍ രണ്ട് പേരെ പുനലൂരില്‍ നിന്നും പിടികൂടി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കെവിന്റെ ഭാര്യ പിതാവ് ചാക്കോ, മകന്‍ സാനു ചാക്കോ എന്നിവരടക്കം 14 പേരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ മാതാവ് രഹ്‌ന ബീവി മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കെവിന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രഹ്‌ന ബീവി ഒളിവില്‍ പോയിരുന്നു. രഹ്‌ന ബീവിയെ കണ്ടെത്താന്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kevins caste and financial background made family angry says neenu

Next Story
നിയമസഭാ സമ്മേളനം ജൂൺ നാല് മുതല്‍ 21 വരെKerala Assembly, കേരള നിയമസഭ, നിയമസഭ പ്രത്യേക യോഗം, നിയമസഭ പ്രത്യേക സമ്മേളനം, Kerala MLAs
The moderation of comments is automated and not cleared manually by malayalam.indianexpress.com