കോട്ടയം: നവവരനെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത അറിഞ്ഞയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. ചാനലുകൾ വാർത്ത പുറത്തുവിട്ടതോടെ കോട്ടയം എസ്‌പി മുഹമ്മദ് റഫീഖിനെ മുഖ്യമന്ത്രി നേരിട്ടു കോട്ടയം ടിബിയിലേക്കു വിളിച്ചുവരുത്തി. അന്വേഷണത്തിനു നിർദേശം നൽകി. പക്ഷേ ഡിവൈഎസ്‌പി അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ റഫീഖ് തെറ്റിദ്ധരിപ്പിച്ചു. എസ്‌പിയുടെ അനാസ്ഥ വ്യക്തമായതോടെയാണ് മുഖ്യമന്ത്രി എസ്‌പിക്കെതിരെ നടപടിയെടുക്കാനും വകുപ്പുതല അന്വേഷണത്തിന് നിർദേശം നൽകിയതായും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

കെവിന്റെ മൃതദേഹം കൊല്ലം തെന്മലയ്ക്കുസമീപം ചാലിയേക്കര തോട്ടിൽനിന്നും കണ്ടെത്തിയതിനുപിന്നാലെ കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു. എസ്‌പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തെ എഐജി ആയിരുന്ന ഹരിശങ്കറിനെ കോട്ടയം എസ്‌പിയായി നിയമിച്ചു.

കെവിൻ പി.ജോസഫിനെ പ്രതികൾ തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പൊലീസ് റിപ്പോർട്ട്. നീനുവിനെ കെവിൻ വിവാഹം കഴിക്കുന്നത് തടയാനാണ് തട്ടിക്കൊണ്ടുപോയത്. കെവിനെ പുഴയിൽ വീഴ്‌ത്തി കൊലപ്പെടുത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടതെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നീനുവിന്റെ പിതാവ് ചാക്കോയാണ് തട്ടിക്കൊണ്ടു പോകലിന്റെ മുഖ്യ സൂത്രധാരനെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.

നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുളള 13 അംഗ സംഘമണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് നേതൃത്വം നൽകിയത് സാനുവാണെങ്കിലും മുഖ്യസൂത്രധാരൻ പിതാവ് ചാക്കോ ആയിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. കെവിൻ തെന്മലയ്ക്കു സമീപം ചാലിയേക്കരയിൽവച്ചു കാറിൽനിന്നും രക്ഷപ്പെട്ടുവെന്നും അതിനടുത്ത് ചാലിയേക്കര തോടാണെന്ന് അറിയാമായിരുന്ന പ്രതികൾ കെവിനെ പുഴയിൽ വീഴ്‌ത്തി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പിന്തുടർന്നുവെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ