കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾക്ക് പൊലീസ് സഹായം കിട്ടിയെന്ന് ഐജി വിജയ് സാഖറെ. രണ്ടു പൊലീസുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എഎസ്ഐ ബിജുവും പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീപ്പ് ഡ്രൈവർ അജയകുമാറുമാണ് കസ്റ്റഡിയിലായത്. പൊലീസുകാർ കൈക്കൂലി വാങ്ങിയതടക്കമുളള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും ഐജി പറഞ്ഞു.

കേസിലെ മുഖ്യപ്രതി സാനു ചാക്കോയുമായി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു ഫോണിൽ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഞായറാഴ്‌ച പുലർച്ചെ 5.35 നാണ് സാനുമായി എഎസ്ഐ സംസാരിക്കുന്നത്. കെവിൻ ചാടി പോയെന്ന് സാനു ഫോണിൽ എഎസ്ഐയോട് പറയുന്നുണ്ട്. നീനുവിനെ തിരികെയെത്തിക്കാന്‍ പറ്റുന്നെതെല്ലാം ചെയ്തുതരാമെന്ന് എഎസ്ഐ ബിജു ഉറപ്പു നല്‍കുന്നതും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലുണ്ട്.

എഎസ്ഐയും സാനു ചാക്കോയും തമ്മിലുളള ഫോൺസംഭാഷണം

സാനു: കേട്ടോ, മറ്റവൻ നമ്മുടെ കൈയ്യിൽനിന്നു ചാടിപ്പോയി. അവൻ ഇപ്പോൾ അവിടെ വന്നു കാണും.

എഎസ്ഐ: അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

സാനു: എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാൻ വേറെ വണ്ടീലാണു വന്നത്. എന്റെ ഭാവി തൊലയ്ക്കാൻ എനിക്കു വയ്യ. ഞങ്ങൾക്ക് കൊച്ചിനെ വേണം. ഒരു റിക്വസ്റ്റാണ്. ഞങ്ങൾ ചെയ്തത് തെറ്റാണ്. ന്യായീകരിക്കാനാകില്ല. പുളളിക്കാരനെ സുരക്ഷിതമായി എത്തിച്ചു തരാം. ഓകെ? പിന്നെ വീട്ടിൽ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം കൊടുക്കാം.

എഎസ്ഐ: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകർത്തു.

സാനു: കുറച്ചു പൈസ കൊടുക്കാം. കോൺടാക്ട് നമ്പറും പുളളിക്കാരനു കൊടുക്കാം. കൊച്ചിനോടൊന്നു പറഞ്ഞു തിരിച്ചുതരാൻ പറ്റുവാണെങ്കിൽ തരിക.

എഎസ്ഐ: എന്നെക്കൊണ്ടാകുന്നതു ഞാൻ ചെയ്തു തരാം, സാനു.

സാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുളളൂ.

എഎസ്ഐ: എന്നെക്കൊണ്ടു പറ്റാവുന്നതു ഞാൻ ചെയ്തു തരാം.

1000 രൂപ കൈക്കൂലി വാങ്ങിയാണ് ബിജു പ്രതികളെ സഹായിച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മുഖ്യപ്രതി സാനു ചാക്കോ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പെട്രോളിങ് സംഘം പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. ഇവരുടെ ചിത്രം പകർത്തുകയും മൊബൈൽ ഫോൺ അടക്കമുളള വിവരങ്ങൾ ശേഖരിച്ചതിനും ശേഷമാണ് വിട്ടയച്ചത്. ഇതിനുപിന്നാലെയാണ് സംഘം വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയത്.

പൊലീസുകാർക്ക് കെവിന്റെ തട്ടിക്കൊണ്ടു പോകലിന് പങ്കുണ്ടെന്ന് വ്യക്തമായതോടെ എഎസ്ഐ ബിജുവിനെയും ജീപ്പ് ഡ്രൈവറെയും ഐജി വിജയ് സാഖറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ