കോട്ടയം: മകളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് നീനുവിന്റെ പിതാവ് ചാക്കോയുടെ മൊഴി. അന്വേഷണ സംഘത്തിനാണ് ചാക്കോ മൊഴി നൽകിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടു വരുന്നതിനിടെ കെവിൻ രക്ഷപ്പെട്ടെന്ന് സാനു തന്നെ വിളിച്ചറിയിച്ചുവെന്നും ചാക്കോ അന്വേഷണ സംഘത്തിനോട് പറഞ്ഞതായി റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് കണ്ണൂർ ഇരിട്ടി കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലാണ് ചാക്കോയും സാനു ചാക്കോയും കീഴടങ്ങിയത്.

കെവിനെ തട്ടിക്കൊണ്ടുപോയതിൽ ചാക്കോയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കെവിനെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോകുമ്പോൾ നിരവധി തവണ സാനു പിതാവ് ചാക്കോയുമായി ഫോണിൽ സംസാരിച്ചിരുന്നു. കെവിൻ കേസിൽ ചാക്കോ അഞ്ചാം പ്രതിയാണ്. ഇയാളുടെ മകനും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയാണ് കേസിലെ ഒന്നാം പ്രതി.

കെവിനെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ചിരുന്ന മൂന്നു കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പുനലൂരിൽനിന്നാണ് ഒരു കാർ ആദ്യം പിടിച്ചത്. ഇന്ന് രണ്ടു കാറുകൾ കൂടി പുനലൂരിൽനിന്നും കണ്ടെടുത്തു. അതേസമയം, കെവിന്റേതു മുങ്ങിമരണമോ മുക്കിക്കൊലയോ എന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അവ്യക്തതയുളളതിനാൽ കൂടുതൽ പരിശോധനയ്ക്കായി അന്തിമ റിപ്പോർട്ട് തയാറാക്കുന്നതു നീട്ടിവച്ചിരിക്കുകയാണ്.

കെവിനെ മർദിച്ച് അവശനാക്കിയശേഷം തോട്ടിലേക്ക് തളളിയിട്ടതോ, മുക്കിക്കൊന്നതോ, രക്ഷപ്പെട്ട് ഓടുന്നതിനിടെ തോട്ടിലേക്ക് വീണതോ എന്നീ വശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കെവിന്റെ ശരീരത്തിൽ 14 മുറിവുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവ മരണത്തിനു കാരണമാകാവുന്ന അല്ലെന്നാണ് റിപ്പോർട്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ