കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായ എസ്.ഐ ഷിബുവിനെ വീണ്ടും സര്‍വീസിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധം. ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയക്കും. ഷിബുവിനെ തിരിച്ചെടുക്കുന്ന നടപടി ശരിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഷിബുവിനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. ഷിബുവിന്റെ വിശദീകരണം പരിശോധിച്ചാണ് തിരിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ആയിരിക്കെയാണ് കെവിന്‍ കൊല്ലപ്പെട്ടത്. എസ്.ഐയെ തിരിച്ചെടുക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് കെവിന്റെ കുടുംബം പറഞ്ഞു.

Read More: കെവിൻ വധക്കേസിൽ രണ്ടാംഘട്ട വിസ്താരം

അതേസമയം, കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി പരിശോധിച്ചു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.

കെവിൻ കൊല്ലപ്പെട്ടശേഷം ഒളിവിൽപോയി താമസിച്ച കുമളിയിലെ ഹോംസ്റ്റേ നടത്തിപ്പുകാരനടക്കം ഒമ്പത് സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. താഴ്ന്ന ജാതിക്കാരനായതിനാലാണ് പിതാവ് ചാക്കോയും സഹോദരൻ ഷാനുവും ചേർന്ന് കെവിന്റെ ജീവനെടുത്തതെന്ന് ഭാര്യ നീനുവും നിർണായക മൊഴി നൽകി. മാതാപിതാക്കൾ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് പറഞ്ഞ നീനു, മർദിച്ചതിന്റെയും പിതാവ് പൊള്ളലേൽപിച്ചതി‍ന്റെയും പാടുകൾ കോടതിയിൽ കാണിച്ചു.

കെവിന്റെ മൃതദേഹം ഇൻക്വസ‌്റ്റ‌് നടത്തിയ പുനലൂർ തഹസിൽദാർ ജയൻ എം.ചെറിയാനും മൃതദേഹം പുറത്തെടുത്ത ഫയർഫോഴ‌്സ‌് ജീവനക്കാരൻ ഷിബുവും കെവിൻ സ്വയം മുങ്ങിമരിച്ചെന്ന പ്രതിഭാഗം വാദത്തെ ദുർബലപ്പെടുത്തുന്ന മൊഴികളാണ് നൽകിയത്. ആദ്യഘട്ട വിചാരണയിൽ 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിൻ കൂറുമാറിയിരുന്നു. പത്ത് ദിവസത്തെ അവധിക്ക് ശേഷമാണ് വിചാരണ പുനരാരംഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.