കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ പേരിൽ കോട്ടയം മാന്നാനം സ്വദേശി കെവിൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ ഉപയോഗിച്ച വാളുകൾ കണ്ടെത്തി. കേസിലെ പ്രതി വിഷ്ണുവിന്റെ വീട്ടിനടുത്തുളള തോട്ടില്‍ നിന്നാണ് നാല് വാളുകൾ അന്വേഷണ സംഘം കണ്ടെത്തിയത്. കോട്ടയത്തുനിന്ന് നാല് പ്രതികളെ തെന്മലയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
തന്റെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് കെവിനേയും തന്നേയും തട്ടിക്കൊണ്ടു പോയതെന്ന് കെവിന്റെ ബന്ധു അനീഷ് പൊലീസിന് മൊഴി നൽകിയിരുന്നു. തെളിവെടുപ്പിനായി ഇന്ന് പുലർച്ചെ പ്രതികളെ കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കേസിൽ അഞ്ചു പേർകൂടി പൊലീസിന്റെ പിടിയിലായതോടെ ആദ്യഘട്ടത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യാനായി.
നീനുവിന്റെ മാതാവ് രഹ്ന ഇപ്പോഴും ഒളിവിലാണ്. രഹ്നയെയും പ്രതി ചേർക്കാൻ ആലോചന നടക്കുന്നുണ്ട്. രഹ്നയാണു കെവിനെ കൊന്നു കളയാൻ മകൻ ഷാനുവിനോട് പറഞ്ഞതെന്നാണ് അനീഷിന്റെ മൊഴി. മാത്രമല്ല സംഭവത്തിനു തലേന്ന് മാന്നാനത്ത് എത്തി അനീഷിന്റെ വീടും മറ്റും കണ്ടെത്തി എല്ലാവിധ തയ്യാറെടുപ്പുകളും നടത്താൻ രഹ്നയാണു മുന്നിട്ടു നിന്നിരുന്നത്. അതിനാൽ അവരും കേസിലെ പ്രതിയാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മേയ് 27ന് പുലർച്ചെ, കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോയും പത്തംഗ സംഘവും കൂടിയാണ് കെവിനേയും അനീഷിനേയും തട്ടിക്കൊണ്ടു പോയത്.