കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ഇത് കണ്ടെത്തിയത്. കേസിൽ ശിക്ഷാവിധി വെള്ളിയാഴ്ച പ്രസ്താവിക്കും. അതേസമയം, കേസിൽ നാല് പേരെ കോടതി വെറുതെ വിട്ടു. കുറ്റകാരല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നീനുവിന്റെ പിതാവിനെ ഉൾപ്പടെ നാല് പ്രതികളെ കോടതി വെറുതെ വിട്ടത്. ഓഗസ്റ്റ് 14ന് വിധി പറയേണ്ടിയിരുന്ന കേസ് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് മാറ്റിവയ്ക്കുകയായിരുന്നു.

കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാൽ കെവിനും നീനുവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നും ഒരുമാസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നതായും പ്രതിഭാഗം വാദിച്ചു. തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു.

Also Read: നീനുവിന്റെ മാതാപിതാക്കൾ മിശ്രവിവാഹിതർ; എന്നിട്ടും കെവിൻ “കൊല്ലപ്പെട്ടു”

കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവരടക്കം 14 പേരാണ് കേസിലെ പ്രതികളായി ഉണ്ടായിരുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന 10 വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുളളത്. എന്നാൽ ഗൂഢാലോചനയിൽ നീനുവിന്റെ അച്ഛന് പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കിയത്.

Also Read: ചെക്ക് കേസ്: തുഷാർ വെള്ളപ്പള്ളി യുഎഇയിൽ അറസ്റ്റിൽ

2018 മെയ് 28-നാണ് കെവിന്‍ പി.ജോസഫിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്ത ദിവസം രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Also Read: കെവിൻ വധം; ചാക്കോയുടെ വീട് അനുജൻ അടിച്ചുതകർത്തു, ഭാര്യയെ മർദ്ദിച്ചെന്നും പരാതി

കെവിൻ പി. ജോസഫ്, നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷൻ വാദം. നീനുവിന്റെ സഹോദരൻ സാനു ചാക്കോ കേസിലെ ഒന്നാം പ്രതിയാണ്. സാനുവിന്റെ സുഹൃത്തുക്കളായ നിയാസാണ് രണ്ടാം പ്രതി. റിയാസ് നാലാം പ്രതിയും നീനുവിന്റെ അച്ഛൻ ചാക്കോ അഞ്ചാം പ്രതിയുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.