കൊച്ചി: കെവിന്റെ ദുരഭിമാനക്കൊലയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. വെള്ളത്തില്‍ മുങ്ങുന്ന സമയത്ത് കെവിന് ജീവനുണ്ടായിരുന്നതായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. കെവിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാകാനാണ് സാധ്യതയെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ കോടതിയില്‍ മൊഴി നല്‍കി. കെവിന്റേത് അപകട മരണമോ ആത്മഹത്യയോ അല്ല. അരയ്‌ക്കൊപ്പം മാത്രം വെള്ളമാണ് പുഴയിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മുങ്ങി മരിക്കാന്‍ സാധ്യതയില്ല. പകരം ആരെങ്കിലും വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊന്നതാകാനാണ് സാധ്യതയെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നു. കോടതിയില്‍ മൊഴി നല്‍കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Read More: കെവിൻ കൊലപാതകം: സാക്ഷി കൂറുമാറി

കെവിൻ വധക്കേസിലെ 28-ാം സാക്ഷി അബിൻ പ്രദീപ് നേരത്തെ കൂറുമാറിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നത് അറിഞ്ഞിരുന്നു എന്ന് മൊഴി നൽകിയ വ്യക്തിയാണ് അബിൻ. എന്നാൽ പൊലീസ് ഭീഷണിയെ തുടർന്നാണ് അത്തരത്തിൽ മൊഴി നൽകിയതെന്ന് അബിൻ കോടതിയിൽ പറയുകയായിരുന്നു.

കെവിനെ തട്ടിക്കൊണ്ട് പോകുന്നത് താൻ അറിഞ്ഞിരുന്നതായാണ് അബിൻ ആദ്യം മൊഴി നൽകിയത്. ആക്രമണത്തിന് ഉപയോഗിച്ച വാൾ ഒളിപ്പിക്കുന്നത് കണ്ടതായും അബിൻ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിരുന്നു. ഇത് പൊലീസ് രഹസ്യമൊഴിയായും രേഖപ്പെടുത്തിയിരുന്നു. എന്നാൽ കോടതിയിൽ വിചാരണയ്ക്കിടെ മൊഴി മാറ്റി പറയുകയായിരുന്നു.

Read More: കെവിൻ വധക്കേസിൽ രണ്ടാംഘട്ട വിസ്താരം

അതേസമയം, തട്ടുകട ജീവനക്കാരൻ ബിജു പ്രതികളെ തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയെയും ഒഴിച്ച് 12 പ്രതികളെയും ബിജു തിരിച്ചറിയുകയായിരുന്നു. മേയ് 27ന് ഇവർ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയെന്നും പ്രതികളുമായി തർക്കമുണ്ടായെന്നും ബിജു മൊഴി നൽകി.

വിവാഹ ശേഷം നീനു താമസിച്ചിരുന്ന ഹോസ്റ്റൽ നടത്തിപ്പുകാരനും കോടതിയിൽ മൊഴി നൽകി. കേസിലെ ആറാം സാക്ഷിയാണ് ഹോസ്റ്റൽ നടത്തിപ്പുകാരൻ ബെന്നി. കെവിനും അനീഷുമാണ് നീനുവിനെ ഹോസ്റ്റലിൽ എത്തിച്ചതെന്നും, ഒരു വർഷത്തെ താമസ സൗകര്യമാണ് ആവശ്യപ്പെട്ടതെന്നുമാണ് ബെന്നിയുടെ മൊഴി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.