കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോയ വിവരമറിഞ്ഞിട്ടും ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബു 14 മണിക്കൂറുകളോളം മറച്ചുവച്ചുവെന്ന് ഐജിയുടെ റിപ്പോർട്ട്. രാവിലെ ആറിന് കെവിനെ തട്ടിക്കൊണ്ടു പോയ വിവരം പറഞ്ഞു. എന്നാൽ അന്വേഷണം തുടങ്ങിയത് രാത്രി എട്ടിനാണെന്നും ഐജിയുടെ റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രി, ഐജി, എസ്‌പി എന്നിവരുടെ നിർദേശങ്ങൾ അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, കെവിൻ കൊലപാതകക്കേസിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. എസ്ഐ ഷിബു, എഎസ്ഐ ടി.എം.ബിജു, സിപിഒ അജയകുമാർ എന്നിവരെ പിരിച്ചുവിടുന്നത് പരിഗണനയിലുണ്ടെന്നാണ് വിവരം. ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും ഇവർക്കെതിരെ നടപടിയെടുക്കുകയെന്നും സൂചനയുണ്ട്.

ഗുണ്ടാസംഘത്തിൽനിന്നു രക്ഷപ്പെടാൻ ഓടിയപ്പോൾ കെവിൻ തെന്മല ചാലിയേക്കര പുഴയിൽ വീണു മരിച്ചതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കെവിന്റെ ഭാര്യ പിതാവ് ചാക്കോ, മകൻ സാനു ചാക്കോ എന്നിവരടക്കം 14 പേരാണ് ഇപ്പോൾ പിടിയിലായത്.

കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊല്ലം തെന്മല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി.

നീനുവിന്റെ സഹോദരൻ സാനു ചാക്കോയാണ് കേസിലെ ഒന്നാം പ്രതി. പിതാവ് ചാക്കോ അഞ്ചാം പ്രതിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.