കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായ കെവിൻ വധക്കേസിൽ ശിക്ഷാവിധി ചൊവ്വാഴ്ച. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. വാദത്തിനിടെ പ്രതികൾ കോടതിയിൽ പൊട്ടിക്കരഞ്ഞു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണമെന്നും പ്രതിഭാഗം വാദിച്ചു. പ്രതികൾക്ക് പറയാനുളളതും കോടതി കേട്ടശേഷമാണ് വിധി പറയുന്നത് മാറ്റിയത്.
കോട്ടയം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിക്കുക. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസിൽ നീനുവിന്റെ സഹോദരനടക്കം 10 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേസമയം, കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെ അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു.
കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന് സാനു ചാക്കോ, അച്ഛന് ചാക്കോ ജോണ്‍ എന്നിവരടക്കം 14 പേരാണ് കേസിലെ പ്രതികളായി ഉണ്ടായിരുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന 10 വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുളളത്. എന്നാൽ ഗൂഢാലോചനയിൽ നീനുവിന്റെ അച്ഛന് പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.
Read More: കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല; സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കേസിന്റെ നാൾവഴികളിലൂടെ
സാനു ചാക്കോ ആണ് കെവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി. നിയാസ് മോൻ, ഇഷാൻ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജ്ജാദ്, എൻ.നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാൻ എന്നിവരാണ് മറ്റു പ്രതികൾ. എല്ലാ പ്രതികള്‍ക്കെതിരെയും കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശല്‍, കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കെവിൻ പി. ജോസഫ്, നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷൻ വാദം. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന് വാദിച്ചു. എന്നാൽ കെവിനും നീനുവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നും ഒരുമാസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന് ചാക്കോ പറഞ്ഞിരുന്നതായും പ്രതിഭാഗം വാദിച്ചു. തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു.
2018 മെയ് 28-നാണ് കെവിന് പി.ജോസഫിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്ത ദിവസം രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.