തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ആരോപണവിധേയനായ ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവിനെതിരെ വകുപ്പുതല നടപടി. സംസ്ഥാനത്ത ഏറ്റവും ജൂനിയറായ എസ്.ഐയായി ഷിബുവിനെ തരംതാഴ്ത്തിയിട്ടുണ്ട്. ഇടുക്കിയിലേക്ക് ഇയാളെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്.

Read More: കെവിന്‍ വധം; പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ എസ്.ഐയെ തിരിച്ചെടുത്തതില്‍ പ്രതിഷേധം

എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെയാണ് ഷിബുവിനെതിരെ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടത്. എന്നാല്‍, ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി അറിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കോട്ടയം എസ്.പിയോട് വിവരങ്ങള്‍ തിരക്കിയ ശേഷം പ്രതികരിക്കാമെന്നും ബെഹ്‌റ പറഞ്ഞു. കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എം.എസ്.ഷിബുവിനെ ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയതിനു ശേഷമാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഷിബു നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ആയിരിക്കെയാണ് കെവിന്‍ കൊല്ലപ്പെട്ടത്. എസ്.ഐയെ തിരിച്ചെടുക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് കെവിന്റെ കുടുംബം പറഞ്ഞു. ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയക്കും. ഷിബുവിനെ തിരിച്ചെടുക്കുന്ന നടപടി ശരിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

അതേസമയം, കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി പരിശോധിച്ചു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.