കോട്ടയം: നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ കോട്ടയത്ത് പ്രതിഷേധം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തു തളളുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്തുനിന്നും നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്‌പി മുഹമ്മദ് റഫീഖിനെ കൊടി ഉപയോഗിച്ച് മർദിച്ചു. ഗാന്ധിനഗർ പൊലീസിന്റെ അനാസ്ഥയാണ് കെവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ സ്റ്റേഷനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി നാളെ കോട്ടയത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

പ്രണയ വിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അതിനിടെ, സംഭവത്തില്‍ വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയ എം.എസ്.ഷിബുവിനേയും എഎസ്ഐയേയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം എസ്‌പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. ഡിജിപി ലോക്‌നാഥ് ബെഹ്റയുടേതാണ് ഉത്തരവ്. ഹരിശങ്കറാണ് പുതിയ കോട്ടയം എസ്‌പി. കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. കെവിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും.

നവവരന്റെ കൊലപാതകം: പൊലീസിന് വീഴ്‌ച പറ്റി, ഭാര്യ കരഞ്ഞുപറഞ്ഞിട്ടും പൊലീസ് അന്വേഷിച്ചില്ല

ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. അന്നു രാവിലെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പൊലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി പൊലീസ് സ്വീകരിച്ചില്ല. ഇതിനുപിന്നാലെ രാവിലെ 11 മണിക്ക് നീനു പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. പക്ഷേ പൊലീസ് പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ തയ്യാറായില്ല. കോട്ടയത്ത് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയുണ്ടെന്നും അതു കഴിഞ്ഞ് അന്വേഷിക്കാമെന്നാണ് എസ്ഐ എം.എസ്.ഷിബു പറഞ്ഞത്. നവരനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത ചാനലുകൾ പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയേക്കര ആറ്റിൽ ഇന്ന് കണ്ടെത്തിയിരുന്നു. നാട്ടുകാരാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ