ന്യൂഡൽഹി: കോട്ടയത്ത് ദലിത് ക്രൈസ്തവ യുവാവായ കെവിന്റെ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്വം സർക്കാരും മുഖ്യമന്ത്രിയും ഏറ്റെടുക്കണമെന്ന് എ.കെ.​ആന്റണി അഭിപ്രായപ്പെട്ടു. ഈ​ സംഭവത്തിൽ പൊലീസിന് പറ്റിയ വീഴ്‌ച മുഖ്യമന്ത്രിയല്ല ആര് ന്യായീകരിക്കാൻ ശ്രമിച്ചാലും ന്യായീകരണമില്ല. ഗുരുതരമായ വീഴ്‌ചയാണ് പൊലീസിന് സംഭവിച്ചതെന്നും ആന്റണി പറഞ്ഞു.

മാപ്പർഹിക്കാത്ത നടപടിയാണ് പൊലീസിന്റേത്. ഗുരുതരമായ വീഴ്‌ചയാണ് പൊലീസിന് സംഭവിക്കുന്നത്. പൊലീസിന് കാര്യമായ രോഗം ബാധിച്ചിരിക്കുന്നു. എന്തോ എവിടെയോ പൊലീസിനകത്ത് കുഴപ്പമുണ്ടെന്ന സൂചനയാണിതെന്നും ആന്റണി അഭിപ്രായപ്പെട്ടു.

ഇത്തരം സംഭവങ്ങൾ തടയുന്നതിന് കേരളീയ സമൂഹം ഉണർന്നു പ്രവർത്തിക്കണം. കേരളീയർ ഇന്ത്യക്കാരുടെ മുന്നിൽ​ അപമാനഭാരം കൊണ്ട് ലജ്ജിച്ച് തല താഴ്ത്തേണ്ട സംഭവമാണിത്. ഖാപ് പഞ്ചായത്ത് പോലെ സാംസ്കാരികമായി അധഃപതിച്ച സമൂഹമായി മാറുന്നു നമ്മൾ. കുറ്റവാളികളെ ശിക്ഷിക്കണം. ഇതുപോലെ സംഭവങ്ങൾ തടയാൻ പരാജയപ്പെടുന്ന പൊലീസുകാർക്കെതിരെയും നടപടി വേണം. കേരളത്തിൽ ദുരഭിമാനവും ജാതി ചിന്തയും സാമ്പത്തിക വിഭാഗീയതയുമൊക്കെ വളർന്നു വരുന്നു. സാമൂഹിക പരിഷ്കർത്താക്കൾ ഇല്ലാതാക്കിയവ തിരികെ വരുകയാണ്. വിവേകാനന്ദൻ പറഞ്ഞതുപോലെ കേരളം അക്ഷരാർത്ഥത്തിൽ ഭ്രാന്താലയമായിത്തീരുന്നുവെന്ന് ആന്റണി പറഞ്ഞു.

ഇത് പോലുളള ദുരഭിമാനക്കൊലകളും സാമൂഹിക ജീർണതകളിലേയ്ക്ക് കേരളം എത്തിയതിൽ താനടക്കമുളള​ രാഷ്ട്രീയ നേതൃത്വങ്ങൾക്കും മത, സാമുദായിക സംഘടനകൾക്കും പങ്കുണ്ട്. സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയക്കാരും ജാതി ചിന്തകൾക്കും അനാചാരങ്ങൾക്കും എതിരായി ഉണർന്നു പ്രവർത്തിക്കണം. കെവിന്റെ കൊലപതാകം കേരള മനഃസാക്ഷി ഉണർന്നുപ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ