കോട്ടയം: കെവിന്‍ വധക്കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് പറഞ്ഞാണ് കോടതി വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

പ്രതികള്‍ 40,000 രൂപ പിഴയായി നല്‍കണമെന്നും കോടതി വിധിച്ചു. ഒരു ലക്ഷം രൂപ മുഖ്യസാക്ഷിയായ അനീഷിന് നഷ്ടപരിഹാരമായി നല്‍കണം. ബാക്കി തുക നീനുവിനും കെവിന്റെ അച്ഛനും നല്‍കണം. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലക്കേസാണ് കെവിന്റേത്.

Read Also: കെവിന്റേത് ദുരഭിമാനക്കൊല; നീനുവിന്റെ അച്ഛനെ വെറുതെവിട്ടു

ജസ്റ്റിസ് എസ്.ജയചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി ഷാനു ചാക്കോ (നീനുവിന്റെ സഹോദരനാണ്), രണ്ടാം പ്രതി നിയാസ് മോന്‍, എന്നിങ്ങനെ യഥാക്രമം ഇഷാന്‍ ഇസ്മയില്‍, റിയാസ ഇബ്രാഹം കുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജാദ്,എന്‍ നിഷാദ്, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍, ടിറ്റു ജെറോം എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നു. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ നാല് പേരെ കോടതി വെറുതെ വിടുകയും ചെയ്തു. കുറ്റകാരല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നീനുവിന്റെ പിതാവിനെ ഉൾപ്പടെ നാല് പ്രതികളെ കോടതി വെറുതെ വിട്ടത്. പ്രതിപ്പട്ടികയിൽ 14 പേരാണുണ്ടായിരുന്നത്. നാല് പേരെ വെറുതെ വിട്ടതോടെയാണ് പ്രതികൾ 10 പേരായി ചുരുങ്ങിയത്.

കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കെവിന്റെ അച്ഛൻ ജോസഫ് പ്രതികരിച്ചു. അർഹിച്ച ശിക്ഷയാണ് എല്ലാവർക്കും കിട്ടിയതെന്ന് പറഞ്ഞ ജോസഫ് പൊലീസിന് നന്ദി പറയുകയും ചെയ്തു. അതേസമയം, നീനുവിന്റെ പിതാവ് ചാക്കോയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല; സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കേസിന്റെ നാൾവഴികളിലൂടെ

കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാൽ കെവിനും നീനുവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നും ഒരുമാസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നതായും പ്രതിഭാഗം വാദിച്ചു.

2018 മേയ് 28-നാണ് കെവിന്‍ പി.ജോസഫിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്ത ദിവസം രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  കെവിൻ പി.ജോസഫ്, നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രോസിക്യൂഷൻ വാദം. നീനുവിന്റെ സഹോദരൻ സാനു ചാക്കോ കേസിലെ ഒന്നാം പ്രതിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.