കൊല്ലം: കോട്ടയത്ത് കെവിൻ പി.ജോസഫിന്റെ കൊലപാതകത്തിൽ പൊലീസിനെ പഴിച്ച് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. നീനുവിന്റെ അച്ഛനെയും അമ്മയെയും പഴിച്ച മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെയും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

“കോട്ടയത്ത് എസ്ഐക്ക് ഗുരുതരമായ വീഴ്‌ചയാണ് സംഭവിച്ചത്. എന്നാൽ സംഭവം രാഷ്ട്രീയവത്കരിക്കാനുളള ശ്രമമാണ് നടന്നത്. എന്നാൽ, ചാനലുകൾക്ക് കൊട്ടാനുളള ചെണ്ടയല്ല ഞാൻ. എന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ്, ചാനലുകളല്ല.” കൊല്ലത്ത് എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിൽ പിണറായി വിജയൻ പറഞ്ഞു.

“തെറ്റായ നടപടി സ്വീകരിച്ച ആളെ ശുദ്ധനാക്കി പകരം മുഖ്യമന്ത്രിക്ക് എന്തോ വലിയ കുഴപ്പമുണ്ടെന്ന മട്ടിൽ വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമം. നിങ്ങളീ പറ​ഞ്ഞ കാര്യങ്ങൾക്കൊന്നും മറുപടി പറയാൻ അറിയാത്ത ആളല്ല ഞാൻ. എത്രയോ തവണ നമ്മൾ തമ്മിൽ മറുപടി പറഞ്ഞിട്ടുള്ളതുമാണ്. അതൊന്നും ഇപ്പോഴും കൈമോശം വന്നുപോയിട്ടില്ല.”–യോഗത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിനെതിരെയും രൂക്ഷ വിമർശനമാണ് പിണറായി ഉന്നയിച്ചത്. “കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുന്നത് രാത്രിയിലാണ്. പുലർച്ചെ സാധാരണ രീതിയിൽ പൊലീസ് വിവരമറിഞ്ഞ ഉടനെ എസ്ഐയും വിവരം അറിഞ്ഞിരുന്നു. പക്ഷേ അദ്ദേഹം സ്വീകരിക്കേണ്ട നടപടിയൊന്നും സ്വീകരിച്ചില്ല. അതു മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കു പോയത് കൊണ്ടല്ല. അന്നേരം മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിനും അദ്ദേഹമുണ്ടായിരുന്നില്ല,” പിണറായി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ