കോട്ടയം: കെവിൻ വധക്കേസിൽ പ്രാഥമിക വാദം ഇന്നാരംഭിക്കും. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട വാദമാണ് ഇന്ന് നടക്കുക. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലിലാണ് വാദം. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപെടുത്തിയാണ് കേസിൽ കോടതി വാദം കേൾക്കുന്നത്. അതിനാൽ തന്നെ ആറ് മാസത്തിനകം വാദം പൂർത്തിയാക്കി വിധി പറയും.

കഴിഞ്ഞ വര്‍ഷം മേയ് 27-നാണ് സംഭവം നടന്നത്. കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി. ജോസഫി (23)നെ കൊലപ്പെടുത്തിയത്.

കെവിൻ പി. ജോസഫ്, നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷൻ വാദം. നീനുവിന്റെ സഹോദരൻ സാനു ചാക്കോ കേസിലെ ഒന്നാം പ്രതിയാണ്. സാനുവിന്റെ സുഹൃത്തുക്കളായ നിയാസാണ് രണ്ടാം പ്രതി. റിയാസ് നാലാം പ്രതിയും നീനുവിന്റെ അച്ഛൻ ചാക്കോ അഞ്ചാം പ്രതിയുമാണ്. ഇവരും ഏഴാം പ്രതി ഷെഫിൻ ഷജാദ്, 10–ാം പ്രതി വിഷ്ണു(അപ്പു) എന്നിവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്തദിവസം രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തില്‍ മുഖത്തും കണ്ണിലും മുറിവേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയാണ് കേസിലെ മുഖ്യപ്രതി.

കെവിന്റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയില്‍ മുങ്ങിമരിച്ചതാവാം എന്നാണ് നിഗമനം. കെവിന്‍ മുങ്ങിമരിച്ചത് ആകാമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. അന്തിമറിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

എന്നാല്‍ കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കെവിന്‍ കലപാതകക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.