കോട്ടയം: കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിലായി. കോട്ടയത്തെ കെവിന്‍റെ വീട്ടിൽ നിന്ന് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മനുവാണ് പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം ആറായി.

പുനലൂരിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മനു പിടിയിലായത്. കെവിന്‍റെ ഭാര്യ നീനുവിന്‍റെ പിതാവ് ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. കണ്ണൂരിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ പ്രതികൾ കീഴടങ്ങുകയായിരുന്നു. സാനു ചാക്കോ ഒന്നാം പ്രതിയും ചാക്കോ രണ്ടാം പ്രതിയുമാണ്.

കേസിൽ എട്ട് പേരാണ് ഇനിയും പിടിയിലാകാനുളളത്. കെവിൻ മുങ്ങിമരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. കെവിന്‍റെ ശരീരത്തിൽ നിരവധി പരുക്കുകൾ ഉണ്ടായിരുന്നു. ഇവ മരണ കാരണമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ആന്തരിക അവയവങ്ങളുടെ പരിശോധനയ്ക്കുശേഷം അന്തിമ റിപ്പോർട്ട് നൽകും. മർദിച്ച് അവശനാക്കിയതിനുശേഷം വെളളത്തിലേക്ക് ഇട്ടതോ, അക്രമി സംഘം ഓടിച്ചപ്പോൾ വെളളത്തിൽ വീണതോ ആകാമെന്നാണ് നിലവിലെ സംശയം.

അതിനിടെ, കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഒളിവിൽ കഴിയുന്ന മുഖ്യപ്രതി സാനു ചാക്കോ ഉൾപ്പെടെയുളളവരാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

കെവിന് അന്തിമോപചാരമർപ്പിക്കാൻ ജനങ്ങളുടെ ഒഴുക്ക്; വിലാപം തളംകെട്ടി നട്ടാശേരിയിലെ വീട്

കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെയുളള ബാക്കിയുളള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കുളള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ സുഹൃത്ത് ഇഷാൻ, ബന്ധുക്കളായ റിയാസ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സാനു ചാക്കോയ്ക്കായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സാനു തമിഴ്‌നാട്ടിലുണ്ടെന്നാണ് സൂചന.

കേസിൽ നീനുവിന്‍റെ അച്ഛൻ ചാക്കോയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ആകെ 14 പേർ പ്രതികളാണെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി.

‘കെവിൻ ചേട്ടന്റെ ഭാര്യയാണ്, അച്ഛനും അമ്മയും വിളിച്ചാൽ പോകില്ല’; നീനുവിന്റെ ഇനിയുളള ജീവിതം കെവിന്റെ മാതാപിതാക്കൾക്കൊപ്പം

കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്‍റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ ഞായറാഴ്‌ച കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിൽനിന്നും കെവിന്‍റെ മൃതദേഹം കണ്ടെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ