കോട്ടയം: ദുരഭിമാനക്കൊലയിൽ ജീവൻ നഷ്ടമായ കെവിൻ പി.ജോസഫിന്റെ മൃതദേഹം സംസ്കരിച്ചു. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്ഷെപ്പേര്‍ഡ് പള്ളിയുടെ സെമിത്തേരിയില്‍ ആയിരുന്നു സംസ്കാര ചടങ്ങുകൾ. സുഹൃത്തുക്കളും നാട്ടുകാരും അടങ്ങുന്ന വൻജനാവലി തന്നെ കെവിന് അന്തിമോപചാരമർപ്പിക്കാനെത്തി.

രാവിലെ കുമാരനെല്ലൂർ നട്ടാശേരിയിലെ കെവിന്റെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. അവിടെയും കെവിന് അന്തിമോചാരമർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പത്തരയോടെയാണ് അവസാനിച്ചത്.

സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് കെവിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കെവിന്റെ പോസ്റ്റ്മോർട്ടം നടന്ന കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലും രാഷ്ട്രീയ പാർട്ടികളുടെയും ദലിത് സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ ചെറിയ രീതിയിൽ സംഘർഷവും ഉണ്ടായി.

കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെയുളള ബാക്കിയുളള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കുളള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നീനുവിന്റെ സഹോദരൻ സാനുവിന്റെ സുഹൃത്ത് ഇഷാൻ, ബന്ധുക്കളായ റിയാസ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സാനു ചാക്കോയ്ക്കായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സാനു തമിഴ്‌നാട്ടിലുണ്ടെന്നാണ് സൂചന.

കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ആകെ 14 പേർ പ്രതികളാണെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി.

കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ ഞായറാഴ്‌ച കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ