കോട്ടയം: കെവിന്റേത് മുങ്ങി മരണമാണെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. മുങ്ങിമരണമാണെന്ന അന്തിമ തീരുമാനത്തിൽ എത്തും മുൻപ് കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്മലയിൽ സംഘം പരിശോധന നടത്തും. റിപ്പോർട്ട് ഐജി വിജയ് സാഖറെയ്ക്ക് കൈമാറി.
മരണ കാരണമായേക്കാവുന്ന മുറിവുകളൊന്നും കെവിന്റെ ശരീരത്തിൽ ഇല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ നിരീക്ഷണം. ശരീരത്തിലുളള മുറിവുകളിൽ കൂടുതലും വീണപ്പോൾ ഉണ്ടായതാണെന്നും റിപ്പോർട്ടിലുണ്ട്. കെവിൻ മുങ്ങിമരിച്ചതാണെന്നായിരുന്നു അന്തിമ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയില്‍ മുങ്ങിമരിച്ചതാവാമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. അന്തിമറിപ്പോര്‍ട്ടില്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊല്ലം തെന്മല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി. നീനുവിന്റെ സഹോദരൻ സാനു ചാക്കോയാണ് കേസിലെ ഒന്നാം പ്രതി. പിതാവ് ചാക്കോ അഞ്ചാം പ്രതിയാണ്.