ന്യൂഡല്‍ഹി: ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്ത ഗ്രേസ്-1 എന്ന ഇറാനിയന്‍ കപ്പലിലും മലയാളികള്‍. മൂന്ന് മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. വണ്ടൂര്‍ സ്വദേശി കെകെ അജ്മല്‍, കാസര്‍കോട് സ്വദേശി പ്രദീഷ്,ഗുരുവായൂര്‍ സ്വദേശി റെജിന്‍ എന്നിവരാണ് കപ്പലിലുള്ളത്.

അജ്മലും പ്രദീഷും ബന്ധുക്കളുമായി സംസാരിച്ചു. അജ്മലാണ് ആദ്യം ബന്ധുക്കളെ ബന്ധപ്പെട്ടത്. പിന്നാലെ പ്രദീഷും വീട്ടുകാരുമായി സംസാരിച്ചു. തങ്ങള്‍ സുരക്ഷിതരാണെന്നാണ് അവര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്ത്യക്കാരായി 22 പേരുണ്ടെന്നാണ് പ്രദീഷ് പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.

സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോള്‍ രണ്ടാഴ്ച മുമ്പാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്നുമാറി ഗ്രേസ്-1 ഇറാനിയന്‍ ടാങ്കര്‍ റോയല്‍ മറീനുകള്‍ പിടിച്ചെടുക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനെ തുടര്‍ന്നാണ് പിടിച്ചെടുക്കല്‍. കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി വിധിച്ചിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ ഇറാന്‍ പിടിച്ചടക്കുകയായിരുന്നു. ഇതില്‍ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇതില്‍ ഏറണാകുളം സ്വദേശികളായ മൂന്ന് പേരും ഉണ്ടെന്നാണ് വിവരം.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ സ്റ്റെനോ എംപറോ എണ്ണക്കപ്പലില്‍ മലയാളികളും ഉളളതായി റിപ്പോര്‍ട്ട്. എറണാകുളം സ്വദേശികള്‍ അടക്കം ഉളളതായാണ് കപ്പല്‍ കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എറണാകുളം സ്വദേശിയായ ഡിജോ പാപ്പച്ചന്റെ വീട്ടില്‍ കപ്പല്‍ കമ്പനി ഫോണ്‍ ചെയ്ത് വിവരം അറിയിച്ചതായി വിവരമുണ്ട്. ഒരു മാസം മുമ്പാണ് ഇയാള്‍ കപ്പല്‍ ജോലിയില്‍ പ്രവേശിച്ചത്.

കൊച്ചി പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റുള്ളവര്‍. ഇതില്‍ പള്ളുരുത്തി സ്വദേശി കപ്പലിന്റെ ക്യാപ്റ്റനാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മലയാളികള്‍ ഉളളതായി സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.