ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ സ്റ്റെനോ എംപറോ എണ്ണക്കപ്പലില്‍ മലയാളികളും ഉളളതായി റിപ്പോര്‍ട്ട്. എറണാകുളം സ്വദേശികള്‍ അടക്കം ഉളളതായാണ് കപ്പല്‍ കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എറണാകുളം സ്വദേശിയായ ഡിജോ പാപ്പച്ചന്റെ വീട്ടില്‍ കപ്പല്‍ കമ്പനി ഫോണ്‍ ചെയ്ത് വിവരം അറിയിച്ചതായി വിവരമുണ്ട്. ഒരു മാസം മുമ്പാണ് ഇയാൾ കപ്പൽ ജോലിയിൽ പ്രവേശിച്ചത്.
കൊച്ചി പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റുള്ളവർ. ഇതിൽ പള്ളുരുത്തി സ്വദേശി കപ്പലിന്റെ ക്യാപ്റ്റനാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മലയാളികള്‍ ഉളളതായി സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു.
18 ഇന്ത്യക്കാരുള്ളതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 23 പേരാണ് ആകെ കപ്പലിലുളളത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണെന്നും കപ്പലിലുള്ളവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
19ന് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് സ്റ്റെനോ എംപറോ ഇറാൻ റെവല്യൂഷണറി ഗാർഡ് പിടികൂടിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന അറിയിച്ചു.
Read More: ഇറാന് പിടികൂടിയ ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരുളളതായി സ്ഥിരീകരണം
ചെറിയ കപ്പലുകളും ഹെലികോപ്റ്ററുകളും എത്തിയാണ് സ്റ്റെനോ എംപറോ പിടിച്ചെടുത്തതെന്ന് കപ്പലിന്റെ ഉടമസ്ഥരായ സ്വീഡിഷ് കമ്പനി സ്റ്റെന ബൾക്കിന്റെ വക്താക്കൾ പറഞ്ഞു. ഇപ്പോൾ കപ്പലുമായി തങ്ങൾക്ക് ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഇറാൻ അപകടകരമായ കളിയാണ് കളിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് മുന്നറിയിപ്പ് നൽകി. കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം വേണം. തങ്ങളുടെ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.