ശ്രീനഗർ: ജമ്മു കാശ്മീരിൽ പാക് പട്ടാളം നടത്തിയ വെടിവയ്പ്പിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. ആലപ്പുഴ സ്വദേശിയായ സാം എബ്രഹാം (34) ആണ് കൊല്ലപ്പെട്ടത്. അതിർത്തി രക്ഷാ സേനാംഗമായിരുന്നു.
ഇന്ന് ഉച്ചയ്ക്കാണ് ഇന്ത്യ-പാക് അതിർത്തിയിൽ സുന്ദർബാനി മേഖലയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചെങ്കിലും ലാൻസ് നായിക് സാം എബ്രഹാം വെടിയേറ്റ് വീഴുകയായിരുന്നു.
അനു മാത്യുവാണ് ഭാര്യ. ഒരു വയസും പത്ത് മാസവും പ്രായമായ മകളും ഉണ്ട്. കാശ്മീരിൽ മറ്റൊരിടത്തുണ്ടായ ആക്രമണത്തിൽ മറ്റൊരു ബിഎസ്എഫ് ജവാനും രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടു. രണ്ട് ബിഎസ്എഫ് ജവാന്മാരടക്കം 23 പേർക്ക് പരിക്കേറ്റിരുന്നു.