scorecardresearch
Latest News

ബന്ദിപ്പൂര്‍ വനത്തില്‍ തീയണയുന്നില്ല; പരിസ്ഥിതി ദുരന്തത്തിലേയ്ക്കു വഴിയൊരുക്കിയത് മനുഷ്യനിർമിത തീ

രണ്ടാഴ്ചയായി തുടരുന്ന തീപിടിത്തത്തില്‍ പക്ഷികളും ചെറുമൃഗങ്ങളും ഉരഗങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിനു വന്യജീവികളും സസ്യങ്ങളും ഉൾപ്പെടുന്ന ആവാസവ്യവസ്ഥയാണു നാമാവശേഷമായത്

ബന്ദിപ്പൂര്‍ വനത്തില്‍ തീയണയുന്നില്ല; പരിസ്ഥിതി ദുരന്തത്തിലേയ്ക്കു വഴിയൊരുക്കിയത് മനുഷ്യനിർമിത തീ

മാനന്തവാടി: കര്‍ണാടക ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലെ മനുഷ്യനിര്‍മിത തീ സൃഷ്ടിക്കുന്നതു വന്‍ പരിസ്ഥിതി നാശം. രണ്ടാഴ്ചയായി തുടരുന്ന തീപിടിത്തത്തില്‍ പക്ഷികളും ചെറുമൃഗങ്ങളും ഉരഗങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിനു വന്യജീവികളും സസ്യങ്ങളും ഉൾപ്പെടുന്ന ആവാസവ്യവസ്ഥയാണു നാമാവശേഷമായത്.

വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള ബന്ദിപ്പൂര്‍ സങ്കേതത്തിലെ അയ്യായിരം ഹെക്ടറിലധികം വനം കവര്‍ന്ന തീ കൂടുതല്‍ മേഖലകളിലേക്കു പടരുകയാണ്. വയനാടിനോട് ചേര്‍ന്നുള്ള തമിഴ്‌നാട് മുതുമല സങ്കേതത്തിലും കാട്ടുതീയുണ്ടായി എന്നാണ് ആദ്യ റിപ്പോർട്ടുകൾ. ബന്ദിപ്പൂര്‍ വനത്തില്‍ കല്‍ക്കരെ റെയ്ഞ്ചില്‍പ്പെട്ട പല പ്രദേശങ്ങളിലും ഇപ്പോഴും കാട്ടൂതീയണഞ്ഞിട്ടില്ല.

വയനാട് സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ രാംപൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സ്ഥിതി നിയന്ത്രണാതീതമാണ്. രാംപൂരിലെ മടപ്പള്ളി പാറയില്‍ തീ കെടുത്താനുള്ള കര്‍ണാടക വനപാലകരുടെ ശ്രമം വിജയിച്ചിട്ടില്ല. കല്‍ക്കരെ റെയ്ഞ്ചിലെ പ്രധാന ഭാഗമായ മുളയൂര്‍ വനത്തില്‍ കഴിഞ്ഞദിവസം വന്‍തോതിലാണു തീപടര്‍ന്നത്. വയനാട്ടിലെ പുല്‍പ്പള്ളിക്ക് അടുത്തുള്ള പ്രദേശമാണിത്.

Read More: ബന്ദിപ്പൂര്‍ വനം അമ്പത് ശതമാനത്തിലേറെ കത്തി; വയനാടൻ കാടുകളിൽ ആനക്കൂട്ടം

വയനാട് വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ തീ കെടുത്താന്‍ ക്യാംപ് ചെയ്യുന്ന കേരള വനപാലകര്‍

ഇരുന്നൂറോളം കര്‍ണാടക വനപാലകരാണ് അപകടകരമായ സാഹചര്യത്തില്‍ തീയണയ്ക്കൽ പ്രവർത്തനത്തിൽ ഏര്‍പ്പെട്ടിരിക്കുന്നത്. തീ കെടുത്താന്‍ പച്ചക്കമ്പുകളും ഫയര്‍ ബീറ്ററുകളും മാത്രമാണു വനപാലകരുടെ കൈയിലുള്ള സംവിധാനം. സ്വയം രക്ഷയ്ക്കായി സുരക്ഷാ വസ്ത്രങ്ങളോ പുകയില്‍നിന്നു രക്ഷപ്പെടാന്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോ ഇവര്‍ക്കില്ല. വനംവകുപ്പ് നല്‍കുന്നതു യൂണിഫോമും ഷൂവും മാത്രം.

Read More: കർണാടക വനത്തിലെ തീ അണയാതെ കത്തുന്നു. വയനാട്ടിൽ അതീവ ജാഗ്രത

കേരളത്തിലെ വനപാലകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വയനാടന്‍ വനങ്ങളിലേക്കു തീ പടരാതിരിക്കാന്‍ ഇരുന്നൂറോളം വരുന്ന കേരളവനപാലകരുടെ സംഘമാണ് അഹോരാത്രം പരിശ്രമിക്കുന്നത്. കേരള വനാതിര്‍ത്തി സംരക്ഷിക്കാന്‍ ബന്ദിപ്പൂര്‍ വനത്തില്‍ കടന്ന് ഫയര്‍ബെല്‍റ്റുകള്‍ ഒരുക്കിയും തീ അടിച്ചുകെടുത്തിയും തളര്‍ന്നിരിക്കുകയാണു കേരള വനപാലകര്‍. തരിമ്പുപോലും വിശ്രമമില്ല. തീകെടുത്താന്‍ ഹെലികോപ്റ്റർ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നിരിക്കെയാണ് ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ വനപാലകരെ ദുരന്തത്തിലേക്കു വെറുംകൈയോടെ തള്ളിവിടുന്നത്. വനപാലകര്‍ക്കു ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ മാത്രമാണ് കേരള ഉദ്യോഗസ്ഥര്‍ കാടിനു പുറത്തേക്കു വരുന്നത്.

വയനാട് വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ തീ കെടുത്താന്‍ ക്യാംപ് ചെയ്യുന്ന കേരള വനപാലകര്‍

അതിര്‍ത്തിപ്രദേശങ്ങളായ രാംപൂര്‍, അമ്മവയല്‍, ഗോളൂര്‍, പെട്ടിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ കുഴല്‍ക്കിണറുകളില്‍നിന്നു കന്നാസുകളില്‍ വെള്ളംശേഖരിച്ചാണു വനംവകുപ്പിന്റെ വാഹനങ്ങളില്‍ വനത്തിനുള്ളില്‍ എത്തിക്കുന്നത്. കടുത്ത വേനലില്‍നിന്നും കാട്ടുതീയില്‍നിന്നുമുള്ള ചൂടില്‍ വനപാലര്‍ക്കു നിര്‍ജലീകരണം സംഭവിക്കാനിടയുള്ളതിനാല്‍ തണ്ണിമത്തന്‍ ഉള്‍പ്പെടെയുള്ള ജലാംശം കൂടുതലുള്ള പഴങ്ങളും ലഭ്യമാക്കുന്നുണ്ട്.

Read More: കാട്ടുതീ ഭീഷണി: വയനാട്ടിലെ വന്യജീവി സങ്കേതത്തിലേയ്ക്കുളള പ്രവേശനം നിരോധിച്ചു

തീ കെടുത്താനുള്ള ശ്രമത്തിനിടെ മിക്കവര്‍ക്കും ചെറിയ രീതിയിലുള്ള പരുക്കും പൊള്ളലുമുണ്ടെന്നു വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ധനേഷ് കുമാര്‍ പറഞ്ഞു. ധനേഷ് കുമാറിന്റെയും റെയ്ഞ്ച് ഓഫിസര്‍മാരായ കൃഷ്ണദാസ്, വിനോദ്, ഡപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍മാരായ എം.കെ.രമേശന്‍, സജീവന്‍, ഫോറസ്റ്റര്‍ ബൈജു എന്നിവരുടെ നേതൃത്വത്തിലാണു കേരള വനപാലക സംഘം ദിവസങ്ങളായി വനത്തില്‍ ക്യാംപ് ചെയ്യുന്നത്.

അടിക്കാടിനു തീ പടരുന്നതിനാല്‍ മുയല്‍, പന്നി, മാന്‍, കുരങ്ങ് ഉള്‍പ്പെടെ ചെറുമൃഗങ്ങള്‍, അധികം ഉയരത്തിലും ദൂരത്തിലും പറക്കാന്‍ കഴിയാത്ത മയില്‍ കാട്ടുകോഴി തുടങ്ങിയ പക്ഷികള്‍, ഓന്ത്, അരണ, പാമ്പ് തുടങ്ങിയ ഉരഗങ്ങള്‍, ശലഭങ്ങള്‍, തവളകള്‍ തുടങ്ങിയവ കൂട്ടത്തോടെ വെണ്ണീറാവും. അതേസമയം ആന, കടുവ ഉള്‍പ്പെടെയുള്ള വലിയ മൃഗങ്ങള്‍ക്ക് ഓടി രക്ഷപ്പെടാനാവും. വനത്തിലുണ്ടാകുന്ന അഗ്നിബാധ പൊടിപടലം സൃഷ്ടിക്കുന്നതും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കു തിരിച്ചടിയാകും. വനം കത്തിയതിനെത്തുടർന്ന് പുറന്തള്ളപ്പെടുന്ന കാർബണിന്റെ തോത് വർധിക്കും. ഇത് അന്തരീക്ഷത്തിൽ പടരുന്നത് പരിസ്ഥിതി പ്രശ്നങ്ങൾക്കും മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ഗുണകരമാകില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Keralas wayanad forests at risk as fire continues to ravage bandipur tiger reserve