ഛണ്ഡീഗഡ്: കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഇടത് സർക്കാർ നടപ്പിലാക്കി വിജയം കണ്ട സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടപ്പിലാക്കാൻ ഒരുങ്ങുന്നു. കേരളത്തിൽ 2010 ലെ വിഎസ് സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ നടപ്പിലാക്കി വിജയിച്ച പദ്ധതിയാണ് ഹരിയാനയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

അടുത്ത വർഷം ഫെബ്രുവരിയിലാണ് ഹരിയാനയിൽ പദ്ധതി നടപ്പിലാക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. “ഈ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ആവശ്യമായ ഊർജ്ജം കുട്ടികളിലുണ്ട്. അവരുടെ സ്വപ്നങ്ങൾക്കും കരുത്ത് നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കും”, രാജ്‌നാഥ് സിങ് പറഞ്ഞു.

പൊലീസിന്റെ പ്രവർത്തനങ്ങൾ വളരെ അടുത്ത് നിന്ന് മനസിലാക്കാൻ സ്കൂൾ വിദ്യാർത്ഥികളെ സഹായിക്കുന്ന പദ്ധതിയായാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വിശേഷിപ്പിക്കപ്പെട്ടത്. വിഎസ് സർക്കാരിന്റെ നാലാം വർഷത്തിൽ 2010 ഓഗസ്റ്റ് 2 നാണ് പദ്ധതി നടപ്പിലാക്കിയത്. തുടർന്നുവന്ന ഉമ്മൻചാണ്ടി സർക്കാരും പദ്ധതി മുന്നോട്ട് കൊണ്ടുപോയി. ഏഴ് വർഷത്തിനിപ്പുറം ഏറ്റവും വിജയകരമായി നടപ്പിലാക്കിയ പദ്ധതിയായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി മാറി.

വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്ത ബോധം വളർത്തുന്നതിനും ആരോഗ്യകരമായ ചിന്തകൾ ഉണർത്തുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായാണ് ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ഇതേക്കുറിച്ച് പറഞ്ഞത്. ആദ്യം ഹരിയാനയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ശേഷം രാജ്യമൊട്ടാകെ ഇത് വ്യാപിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ