കൊച്ചി : എന്തുകൊണ്ടായിരിക്കാം ലുബാൻ എന്ന പെൺ തിമിംഗലം അറേബ്യൻ കടലിലെ തന്റെ സ്വന്തം ഇടവും സൗഹൃദവും ഉപേക്ഷിച്ചു നീണ്ട സമുദ്രാന്തര യാത്രക്കൊരുങ്ങിയിട്ടുണ്ടാവുക?

ഒരു ശാസ്ത്ര നിരീക്ഷണ സംവിധാനത്തിനും ഇവളുടെ മനസ്സറിയാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വർഷം നവംബർ 12 നാണ് ലുബാൻ യാത്ര ആരംഭിച്ചത്. യാത്രക്കിടയിൽ ലുബാൻ പുതുവത്സര തലേന്ന് കൊച്ചി തീരത്തുമെത്തിയിരുന്നു.

പുതുവർഷത്തിൽ ഇന്ത്യൻ മഹാ സമുദ്രത്തിലെ ചെറിയ ഒരു ഒഴിവുകാലം കഴിഞ്ഞു അവൾ വീണ്ടും പുറപ്പെട്ടു. ഇപ്പോൾ കന്യാ കുമാരി തീരത്തോടടുക്കുന്നു എന്ന് റിപ്പോർട്.

കാലങ്ങളായി ലോക ജീവ ശാസ്ത്ര മേഖല ബുദ്ധിമുട്ടി ഗവേഷണം ചെയ്തു കണ്ടെത്തിയ ജനിതക ഘടനയിൽ ഇത്തരമൊരു വഴിമാറ്റത്തിന്റെ യാതൊരു സൂചനയുമില്ല തന്നെ.  കുനൻ തിമിഗംലങ്ങൾ  (ഹംപ്ബാക്ക് തിമിംഗലങ്ങൾ) കൂട്ടം തെറ്റാറില്ല . കൂട്ടത്തിൽ നിന്ന് അകന്നു മാറി സഞ്ചരിക്കാറുമില്ല എന്ന് ശാസ്ത്ര മതം.

കൂനൻ  (ഹംപ്ബാക്ക്) ഇനത്തിൽ പെട്ട ലോകത്തിലെ എല്ലാ തിമിംഗലങ്ങളും ധ്രുവ മേഖലകളിൽ നിന്നും ഉഷ്ണ മേഖലയിലേക്ക് സഞ്ചരിക്കുന്നവയാണ്. എങ്കിലും അറേബ്യൻ സമുദ്രത്തിൽ കാണപ്പെടുന്ന നൂറോളം വരുന്ന ഹംപ്ബാക്ക് തിമിംഗലങ്ങൾ അധികം യാത്ര ചെയ്യാറില്ല.

ഏറ്റവും ഒറ്റപെട്ടു ജീവിക്കുന്ന തിമിംഗല സമൂഹമാണിത്. മറ്റുള്ള ഹംപ്ബാക്ക് ജീവികളിൽ നിന്നും 70000 വർഷത്തോളമായി ഇവ അകന്നു ജീവിക്കാൻ തുടങ്ങിയിട്ട്. പക്ഷെ ലുബാൻ അകൽച്ചയുടെയും ഒറ്റപെടലിന്റെയും ആ ചരിത്രമാകെ മാറ്റിമറിച്ചു. ഒരു അറേബ്യൻ കൂനൻ തിമിംഗലത്തിന്റെ ആദ്യ സാമുദ്രാന്തര യാത്രയാണിത്.

അറേബ്യയിലെ ഒരു മരത്തിന്റെ പേരാണ് ലുബാൻ.  വാലിൻെറ മുകളിൽ ഈ മരത്തിന്റെ ആകൃതിയുള്ളതുകൊണ്ടാണ് ഈ പെൺതിമിംഗലത്തിനു ആ പേര് ലഭിച്ചത്. ദേഹത്ത് ട്രാൻസ്മിറ്റർ ഘടിപ്പിക്കപ്പെട്ട 14 ഹംപ്ബാക്ക് തിമിംഗലങ്ങളിലെ ഏക പെൺതിമിംഗലമാണ് ലുബാൻ.

അറേബ്യൻ സമുദ്രം താണ്ടിയുള്ള ലുബാന്റെ ഈ യാത്രയെ സാറ്റലൈറ്റ് കണ്ണുകൾ പിന്തുടരുന്നുണ്ട്. ക്രിസ്തുമസിന് മുൻപ് ലുബാൻ ഗോവയുടെ തീരത്തെത്തിയിരുന്നു. എന്നാൽ ഉടനെത്തന്നെ മണിക്കൂറിൽ അഞ്ച് കിലോമീറ്റർ സ്പീഡിൽ കേരള തീരം ലക്ഷ്യമാക്കി നീന്താൻ ആരംഭിച്ചു. ആലപ്പുഴ തീരം ലക്ഷ്യമാക്കി നീന്തുന്നതിനു മുൻപ് രണ്ടു ദിവസം ലുബാൻ കൊച്ചി തീരത്ത് വിശ്രമിച്ചു.

“ലുബാൻ എന്തിന് ,എന്തുകൊണ്ട് യാത്ര തുടങ്ങിയെന്നും ഇവിടെ എത്തിയെന്നും സത്യത്തിൽ അറിയില്ല.അവളൊരു കാമുകനെ തേടുകയായിരിക്കാം.ഹംപ്ബാക്ക് തിമിംഗലങ്ങളുടെ പ്രണയകാലമാണിത്”. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് തലവൻ എ.ബിജുകുമാർ പറഞ്ഞു.

“ചില മൽസ്യ തൊഴിലാളികൾ ഒരു തിമിംഗലത്തെ കടലിൽ കണ്ടതായി പറഞ്ഞിരുന്നു. പക്ഷെ അവർക്ക് ലുബാന്റെ അപൂർവത തിരിച്ചറിയാൻ കഴിഞ്ഞില്ല. അവൾ ഇപ്പോൾ ഒറ്റക്കാണോ എന്ന് പോലും അറിയില്ല”.  എ.ബിജുകുമാർ പറഞ്ഞു. എൻവയോൺമെന്റ് സൊസൈറ്റി ഓഫ് ഒമാനുമായി ചേർന്ന് ലുബാന്റെ പലായനം പിന്തുടരുകയാണ് അജികുമാറും മറൈൻ ബയോളജിസ്റ്റുമായ ഡോ ദിപാനി സുതാര്യയും. ലുബാനെ കോസ്റ്റ് ഗാർഡിന്റെ ഒരു കപ്പലിൽ ഇരുവരും പിന്തുടരാൻ ശ്രമിച്ചിരുന്നു. പക്ഷേ അവൾ വഴുതിമാറി നീന്തിയകന്നു.

“ലുബാൻ ഉള്ള സ്ഥലം ട്രാൻസ്മിറ്റർ വഴി ഞങ്ങൾ അറിഞ്ഞു വരുമ്പോഴേക്കും ഒന്ന് രണ്ടു മണിക്കൂറുകൾ കടന്നു പോയിരുന്നു. ലുബാനും ..ഏതു നിഗൂഢതയിലേക്കാണ് അവൾ പുതിയ കാലത്തെ നയിക്കുന്നത് എന്ന് ഞങ്ങൾക്കറിയണമായിരുന്നു “.ഡോ. സുതാര്യ പറഞ്ഞു.

“ഇന്ത്യൻ സമുദ്രത്തിലൊരു ഹംപ്ബാക്കിനെ കാണുന്നത് അത്ഭുതമാണ്. നീല തിമിംഗലങ്ങളും,ബ്രൈഡ്‌സ് തിമിംഗലങ്ങളും ഇന്ത്യൻ സമുദ്രങ്ങളിൽ കണ്ടുവരുന്നവയാണ്.
മത്സ്യ തൊഴിലാളികൾ ഇവയെ കാണുമ്പോൾ കടലാന എന്ന് പറഞ്ഞു എഴുന്നേറ്റു നിന്ന് പ്രാർത്ഥിക്കും”. എന്ന് ബിജു കുമാർ വിവരിച്ചു.

ലുബാൻ ചരിത്ര നിയോഗം പോലെ തുടങ്ങി വച്ച വിപ്ലവകരമായ ഈ യാത്ര ജന്തു ലോകത്തിന്റെ നിഗൂഢ മാനസിക വ്യാപാരങ്ങളിലേക്കു വാതിൽ തുറക്കുമെന്ന് ശാസ്ത്രജ്ഞന്മാർ പ്രതീക്ഷിക്കുന്നു. കാരണം ലുബാന്റെ വംശം സംരക്ഷിച്ചില്ലെങ്കിൽ ഉടനെ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുന്ന വിഭാഗത്തിൽ പെട്ടതാണ്. International Union for Conservation of Nature ന്റെ റെഡ് ലിസ്റ്റിലാണ് അറേബ്യൻ ഹംപ്ബാക്ക് തിമിംഗലങ്ങൾ.1960 കളിലെ തിമിംഗല വേട്ടയുടെ ബാക്കി പത്രമാണ് ഇപ്പോഴുള്ളവ.

കന്യാകുമാരിയിൽ നിന്നും ഏതു ദിശയിലേക്ക് ലുബാൻ തിരിയും?
ഡോ സുതാര്യക്ക്‌ ഒരുറപ്പുമില്ല.”ഞങ്ങൾക്ക്‌ അറിയില്ല ലുബാന്റെ യാത്രാ ലക്ഷ്യം ..ചിലപ്പോൾ അല്പം വടക്ക്‌ നീങ്ങി ശ്രീലങ്കയിലേക്കായിരിക്കും ..അവിടെ ചില കൂനൻ  തിമിംഗലങ്ങളുണ്ട് ” ഡോ . സുതാര്യ പറഞ്ഞു.

“നോക്കൂ അവളുടെ ശല്കങ്ങളുടെ അടിഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന ട്രാൻസ്‌മിറ്ററിൻെറ ബാറ്ററിയുടെ ആയുസ്സ് ഇനി 45 ദിവസം കൂടിയേ ഉള്ളൂ. അത് ഉടനെ നിശബ്ദമാവും ..അതിനു മുൻപ് ലുബാന്റെ യാത്രയുടെ രഹസ്യം അറിഞ്ഞേ തീരൂ ..”അവർ പറഞ്ഞു .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ